തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസ് -ഗുണ്ടാ കൂട്ടുകെട്ട് വിവാദമാകുന്നു. ബാറിൽ ഗുണ്ടാത്തലവന്റെയും എസ്.പിയുടെയും സാന്നിദ്ധ്യത്തിൽ സി.ഐമാർ തമ്മിലടിച്ച സംഭവം അതീവ ഗൗരവകരമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം റൂറൽ മംഗലപുരം സ്റ്റേഷനിലെ ഗുണ്ടാ ബന്ധം വൻ വിവാദമായിരുന്നു. അതിനു ശേഷമാണ് ഈ സംഭവം. തലസ്ഥാനത്തെ മണ്ണ് -മണൽ മാഫിയ,​ ഹോട്ടൽ,​വമ്പൻ വ്യാപാരികൾ എന്നിവർ ചില പൊലീസുകാരുടെ ഉറ്റചങ്ങാതിമാരാണെന്നാണ് റിപ്പോർട്ട്. വൻ സാമ്പത്തിക ഇടപാടുകൾക്ക് മദ്ധ്യസ്ഥരാകുന്നത് പൊലീസാണെന്നും റിപ്പോർട്ടിലുണ്ട്. ഉന്നത പൊലീസ് വൃത്തങ്ങളിൽ നിന്നും വളരെ ഗൗരവ സ്വഭാവമുള്ള വിവരങ്ങൾ പോലും ഗുണ്ടകൾക്ക് ചോർത്തിനൽകുന്നത് സജീവമായി നടക്കുന്നെന്നാണ് ആക്ഷേപം.

നിരീക്ഷണക്കുറവും

ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണക്കുറവ് താഴേത്തട്ടിലെ പൊലീസ് -ഗുണ്ടാ ചങ്ങാത്തത്തിന് കാരണമാകുന്നെന്നാണ് ആക്ഷേപം. നേരത്തെ നടന്ന പൊലീസ് ഉന്നതതല യോഗത്തിൽ ഗുണ്ടാ പൊലീസ് ബന്ധം അമർച്ച ചെയ്യാനായി ആവിഷ്കരിച്ച പദ്ധതികളെല്ലാം ഫയലിൽ ഒതുങ്ങി.

ഓംപ്രകാശ് സജീവം...

നഗരത്തിൽ ഈയിടെയുണ്ടായ മിക്ക അക്രമസംഭവങ്ങളിലും ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ പേരും സജീവമായിരുന്നു. ഈഞ്ചയ്ക്കലിൽ ഡി.ജെ ബാറിൽ ഡാനി നടത്തിയ വിരുന്നിലുണ്ടായ സംഘർഷത്തിലും ഒന്നാം പ്രതി ഓംപ്രകാശാണ്. പാറ്റൂർ വെട്ടുകേസിൽ ജാമ്യത്തിലിറങ്ങിയ ഓംപ്രകാശ് അന്ത‌ർധാരയിൽ സജീവമായിരുന്നു. നഗരത്തിൽ ഒരു വർഷത്തിനിപ്പുറം ഇപ്പോഴാണ് ഓംപ്രകാശിന്റെ പേര് സജീവമാകുന്നത്. നിലവിൽ റൗഡി ലിസ്റ്റിലാണ് ഓംപ്രകാശിന്റെ പേരുള്ളത്.