തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവ കവടിയാർ കൊട്ടാരം സന്ദർശിച്ച് കുടുംബാംഗങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു.കൂടെയെത്തിയ ശെമ്മാശന്മാർ കരോൾ ഗാനങ്ങൾ പാടി.

ഇന്നലെ വൈകിട്ട് 7ഓടെ ക്രിസ്മസ് കേക്കുമായി കൊട്ടാരത്തിലെത്തിയ കത്തോലിക്കാ ബാവയെയും സംഘത്തെയും പൂയം തിരുനാൾ ഗൗരി പാർവതിബായി,അശ്വതി തിരുനാൾ പാർവതീബായി,മക്കളായ പൂരുരുട്ടാതി മാർത്താണ്ഡ വർമ്മ,ആദ്യത്യ വർമ്മ,ആദിത്യ വർമ്മയുടെ ഭാര്യ ലക്ഷ്മീ വർമ്മ,ചെറുമക്കൾ ഗൗരി വർമ്മ,പ്രഭ വർമ്മ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ കുടുംബാംഗങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. വേദ പുസ്തകത്തിൽ ക്രിസ്ത്യാനികൾക്കെല്ലാം സന്തോഷമെന്ന് പറഞ്ഞിട്ടില്ല,ലോകത്തുള്ള എല്ലാ ജനങ്ങൾക്കുമുള്ള സന്തോഷ വാർത്തയാണ് തിരുദൂതന്റെ പിറവിയെന്ന് ബാവ പറഞ്ഞു.മാർ ഗ്രിഗോറിയോസ് തിരുമേനി ഉണ്ടായിരുന്നപ്പോഴാണ് കുട്ടിക്കാലത്ത് ക്രിസ്മസ് കരോൾ കേൾക്കാൻ കഴിഞ്ഞതെന്നും വീണ്ടും അത് കേൾക്കാൻ അനുഗ്രഹമുണ്ടായത് ഇപ്പോഴാണെന്നും പൂയം തിരുനാൾ ഗൗരി പാർവതിബായി പറഞ്ഞു.കത്തോലിക്കാ ബാവ കേക്ക് മുറിച്ച് കുടുംബാംഗങ്ങൾക്കും കൂടെയുള്ളവർക്കും സമ്മാനിച്ച ശേഷമാണ് മടങ്ങിയത്.