
നിത്യജീവിതത്തിൽ ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്ക് അറിവ് ഉണ്ടായിരിക്കണം . കാലാനുസൃതമായി ആ അറിവ് നവീകരിക്കപ്പെടണം. നവീകരിക്കപ്പെടാത്ത അറിവ് കാലഹരണപ്പെടും. അത് ഒഴിവാക്കേണ്ടതാണ്. ശിവഗിരി തീർത്ഥാടനം ലക്ഷ്യമിടുന്നത് അറിവിന്റെ നവീകരിക്കപ്പെടലാണ്. അതൊരു വലിയ പ്രക്രിയയാണ്.
തീർത്ഥാടന ലക്ഷ്യങ്ങളായി ഗുരുദേവൻ കൽപ്പിച്ച എട്ടു വിഷയങ്ങളിലൂടെ അല്ലാതെ ലോകത്തിനോ ജനസമൂഹത്തിനോ അഭ്യുദയത്തിന്റെ വഴി രൂപപ്പെടുത്തിയെടുക്കാനാവില്ല. ഗുരു ഊന്നിപ്പറഞ്ഞ അഷ്ടവിഷയങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടാണ് ലോകത്തിന് ഒന്നാകാൻ ആകുന്നതും വികസിക്കാനാവുന്നതും. പക്ഷേ, ഇതിലെല്ലാം സ്വതന്ത്രമായൊരു മാനവികത വേണമെന്ന ഗുരുനിരീക്ഷണത്തിൽ ശ്രദ്ധ പതിപ്പിക്കാനായില്ലെങ്കിൽ മറ്റെന്തൊക്കെയുണ്ടായാലും മനുഷ്യൻ നന്നാവുകയില്ല.
എല്ലാ മേഖലകളിലെയും അറിവ് മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ പ്രശ്‍നങ്ങളും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യ നിർമ്മിതബുദ്ധിയുടെ വരവോടെ മാറ്റങ്ങളുടെ വേഗത വർദ്ധിച്ചിരിക്കുന്നു. നിർമ്മിത ബുദ്ധി മനുഷ്യബുദ്ധിയെ ഓവർടേക്ക് ചെയ്തിരിക്കുന്നു.ഈ സാഹചര്യത്തിൽ അറിവ് നവീകരിക്കപ്പെടുക സങ്കീർണ്ണമാണ്. കാരണം, മനുഷ്യൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെ മെച്ചപ്പെട്ട രീതിയിലും ഭംഗിയായും കൃത്യമായും നിർമ്മിതബുദ്ധിക്ക് ചെയ്യാനാകും. അങ്ങനെയെങ്കിൽ നവീകരിക്കപ്പെടേണ്ടത് മനുഷ്യബുദ്ധി ആണോ മനുഷ്യ നിർമ്മിത ബുദ്ധി ആണോ എന്ന സന്ദേഹം ഉണ്ടാകാം. ഇനിയുള്ളകാലം അറിവ് എന്നു പറയുന്നത് മനുഷ്യ നിർമ്മിതബുദ്ധിയുടെ അറിവ് ആണെങ്കിൽ അതെങ്ങനെയാണ് നവീകരിക്കപ്പെടുക? വാസ്തവത്തിൽ മനുഷ്യ നിർമ്മിത ബുദ്ധിയെ ആണോ മനുഷ്യബുദ്ധിയെ ആണോ നവീകരിക്കാൻ ശ്രമിക്കേണ്ടതെന്നും നവീകരണപ്രക്രിയ എപ്രകാരമെന്നും ചർച്ച ചെയ്യപ്പെടണം.
മനുഷ്യൻ നിർമ്മിച്ച ശക്തിയുടെ മുന്നിൽത്തന്നെ അവൻ മനുഷ്യനാണെന്ന് തെളിയിക്കേണ്ടിവരുന്ന സാഹചര്യം ചില വെബ് പേജുകളിൽ ഉണ്ട്. വൈകാതെ കൂടുതൽ ഇടങ്ങളിൽ നമ്മൾ മനുഷ്യനാണെന്ന് നമുക്ക് ബോധ്യപ്പെടുത്തേണ്ടി വരും. അതുകൊണ്ടുതന്നെ മനുഷ്യത്വം നഷ്ടമാകാതെയുള്ള നവീകരണ പ്രക്രിയയാണ് വേണ്ടത് . ഭൗതിക ശാസ്ത്രം എത്ര മുന്നേറിയാലും ഗുണവും പ്രയോജനവും നമ്മുടെ ശ്രേയസിനും പ്രേയസിനും ഒത്തുവരണമെങ്കിൽ ധർമ്മത്തിന്റെ വിളക്ക് കെടാതെ നിലകൊള്ളണം. അകവും പുറവും തിങ്ങിവിങ്ങുന്ന ആ വിളക്കിന്റെ മഹിതമായ പ്രകാശത്തിലാണ് ഗുരുദേവൻ നമ്മെയെല്ലാം ഇണക്കി പ്രസരിപ്പിച്ച് സ്വതന്ത്രനും പ്രബുദ്ധനുമാക്കുന്നത്. അതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രസാദം.
ഏവർക്കും ശിവഗിരി തീർത്ഥാടന-പുതുവത്സര ആശംസകൾ...
(തയാറാക്കിയത് സജിനായർ)