പിടികൂടിയത് കഴക്കൂട്ടത്തു നിന്ന്
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ. ഇന്നലെ രാത്രി 9.30ന് കഴക്കൂട്ടം കുളത്തൂരുള്ള അതിഥിസത്കാര കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്.ഈഞ്ചയ്ക്കൽ ബാറിലെ ഗുണ്ടാ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഓംപ്രകാശിനെ ഒന്നാം പ്രതിയാക്കി ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ഇന്നലെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇയാൾ ഹാജരായില്ല. തുടർന്നാണ് ഫോർട്ട് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.പൊലീസ് ഓംപ്രകാശിന് ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപത്തിലാണ് ഇയ്യാളെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്യാൻ ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം വന്നത്.ഫോർട്ട് സ്റ്റേഷനിലെ സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു. എതിർ സംഘത്തലവൻ രണ്ടാം പ്രതിയും ഡാനി മൂന്നാം പ്രതിയുമാണ്.ഇന്നലെ ഇവരുടെ കൂട്ടാളികളിൽ 10 പേരെ പൊലീസ് പിടികൂടി. ഇവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സംഘം കൂടി സംഘർഷം,പൊതുജനശല്യം തുടങ്ങി ആറ് വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും എല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പാണ്. നഗരമദ്ധ്യത്തിലെ ഈഞ്ചയ്ക്കലിലെ ഡാൻസ് ബാറിലാണ് സാജൻ നടത്തിയ ഡി.ജെ പാർട്ടിക്കിടെ ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും സാജന്റെ സംഘവുമാണ് വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടിയത്.സാജന്റെ മകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഡാനി നടത്തിയ ഡി.ജെ പാർട്ടി ഓംപ്രകാശ് തടസപ്പെടുത്തിയതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ഇവർ തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയാണ് ഏറ്റുമുട്ടൽ. പരിപാടി നടക്കുന്നതിനിടെ ഓംപ്രകാശും നിതിനും അസഭ്യം വിളിക്കുകയും വാക്കേറ്റം ഉണ്ടായതിനെത്തുടർന്ന് ബാറിനുള്ളിൽ ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇരുകൂട്ടരും സ്ഥലംവിട്ടു.പാറ്റൂരിൽ റിയൽ എസ്റ്റേറ്റുമായി ഉണ്ടായ തർക്കത്തിൽ നിധിൻ എന്ന ചെറുപ്പക്കാരനെ വെട്ടിയ കേസിലാണ് അവസാനമായി ഓംപ്രകാശ് നഗര പരിധിയിൽ അറസ്റ്റിലാകുന്നത്.രണ്ടു മാസം മുൻപ് കൊച്ചിയിലെ ലഹരിക്കേസിൽ ഓംപ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നു.