വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും രാത്രി എട്ടിന് നെടുമങ്ങാട്ടേക്ക് സർവീസ് നടത്തിയിരുന്ന ബസ് രണ്ട് ദിവസത്തിനു ശേഷം വീണ്ടും പുനരാരംഭിച്ചു. ജനോപകാരപ്രദമായി വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ബസ് ഒരു മുന്നറിയിപ്പുമില്ലാതെ നിറുത്തലാക്കിയതിൽ പ്രതിഷേധം ശക്തമായിരുന്നു. ബസ് സർവീസ് നിലച്ചതോടെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതിനെ തുടർന്നാണ് നടപടി. നിലവിൽ രാത്രി ഏഴേകാൽ കഴിഞ്ഞാൽ വിതുര ഡിപ്പോയിൽ നിന്നും നെടുമങ്ങാട്ടേക്ക് ബസ് ഇല്ലാത്ത അവസ്ഥയാണ്. നേരത്തേ രാത്രി 9.30 വരെ തിരുവനന്തപുരത്തേക്ക് വിതുര ഡിപ്പോയിൽ നിന്നും ബസ് സർവീസ് ഉണ്ടായിരുന്നു. നിറുത്തലാക്കിയ 9.30നുള്ള ലാസ്റ്റ് സർവീസും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
കൊവിഡിന്റെ മറവിൽ നിറുത്തലാക്കിയ മിക്ക സർവീസുകളും ഇനിയും പുനരാരംഭിച്ചിട്ടില്ല.നേരത്തേ വിതുര നെടുമങ്ങാട് റൂട്ടിൽ അരമണിക്കൂർ ഇടവിട്ട് സമാന്തരസർവീസുകൾ സജീവമായി ഓടിയിരുന്നു.മോട്ടോർവകുപ്പിന്റെ ശക്തമായ പരിശോധനകൾ നിമിത്തം ഇത്തരം സർവീസുകൾ ഇടക്കാലത്ത് നിലയ്ക്കുകയായിരുന്നു.
ചെയിൻ സർവീസ് ആരംഭിക്കണം
അരമണിക്കൂർ ഇടവിട്ട് വിതുര നെടുമങ്ങാട് റൂട്ടിൽ ചെയിൻസർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അടുത്തടുത്ത് നാല് ഡിപ്പോകൾ(വിതുര,നെടുമങ്ങാട്,ആര്യനാട്,പാലോട്) പ്രവർത്തിച്ചിട്ടും യാത്രാദുരിതത്തിന് പരിഹാരമായില്ല.
നെടുമങ്ങാട് വിതുര റൂട്ടിൽ നിലവിൽ യാത്രാക്ലേശം അതിരൂക്ഷമാണ്. രാവിലെയും വൈകിട്ടുമാണ് കൂടുതൽ പ്രശ്നം. നെടുമങ്ങാട് നിന്നും വൈകിട്ട് വിതുരയിലേക്കുള്ള ബസിൽ തിരക്കേറെയാണ്. മാത്രമല്ല വഴിമദ്ധ്യേ നിൽക്കുന്നവരെ ബസിൽ കയറ്റാനാകാത്ത അവസ്ഥയുമാണ്. വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്.
ജീവനക്കാർ കുറവ്
യാത്രാദുരിതം അകറ്റാൻ നെടുമങ്ങാട് വിതുര ഡിപ്പോകളിൽനിന്നും ചെയിൻസർവീസ് ആരംഭിക്കുമെന്ന കെ.എസ്.ആർ.ടി.സിയുടെ വാഗ്ദാനം ജലരേഖയായിട്ട് കാലങ്ങളേറെയായി. കളക്ഷൻകുറവെന്ന പേരിൽ സർവീസ് നടത്തിയിരുന്ന ബസുകളിൽ കുറെയെണ്ണം നിറുത്തലാക്കിയതായി പരാതിയുണ്ട്. ശബരിമലയിൽ സർവീസ് നടത്താനായി മിക്ക ഡിപ്പോകളിൽ നിന്നും ബസുകൾ പിൻവലിച്ചിരുന്നതും യാത്രാക്ലേശമുണ്ടാക്കുന്നുണ്ട്. ഇതിനുപുറമേ ഡിപ്പോകളിൽ ഡ്രൈവറുടേയും കണ്ടക്ടർമാരുടേയും ക്ഷാമവും നേരിടുന്നുണ്ട്. ബസുകളുടെ എണ്ണത്തിലും കുറവുണ്ട്.