
വെഞ്ഞാറമൂട്: വേനൽക്കാലത്ത് പ്രദേശം മുഴുവൻ ജലം നൽകിയ പറയരുകോണം ചിറ ഇന്ന് മാലിന്യ കൂമ്പാരം. ചിറ നന്നാക്കി ജനത്തിന് ഉപകാരപ്രദമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെല്ലനാട് പഞ്ചായത്തിൽ മുക്കുന്നൂർ വാർഡിലുള്ള ഈ ചിറ അര നൂറ്റാണ്ട് മുമ്പ് കാർഷിക ആവശ്യങ്ങൾക്കായാണ് നിർമിച്ചത്. പിന്നീട് കാർഷിക ആവശ്യങ്ങൾ കുറഞ്ഞതോടെ പ്രദേശത്തെ കുട്ടികൾ നീന്തൽ പഠിക്കാൻ തുടങ്ങി. വേനലായാൽ പോലും വറ്റാത്ത കുളം പ്രദേശവാസികൾ കുളിക്കാനും തുണി കഴുകുന്നതിനും, കന്നുകാലികളെ കുളിപ്പിക്കുന്നതിനും ഒക്കെത്തുടങ്ങി. എന്നാൽ കഴിഞ്ഞ 20 വർഷമായി ചിറ മാലിന്യം നിറഞ്ഞ് വെള്ളം ദേഹത്ത് തട്ടാൻപോലും കഴിയാത്ത അവസ്ഥയായി.
കൊതുകുവളർത്തൽ കേന്ദ്രം
ആദ്യം ചെറിയരീതിയിൽ നവീകരണം നടത്തിയെങ്കിലും മാസങ്ങൾ കഴിഞ്ഞപ്പോൾ സംരക്ഷണ ഭിത്തി അടക്കം തകർന്നു. കുളത്തിൽ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയതോടെ അധികൃതർ കുളത്തെ തഴഞ്ഞമട്ടാണ്. കുളം നവീകരിച്ച് ഉപയോഗ യോഗ്യമാക്കിയാൽ വേനൽ കാലത്ത് ജലക്ഷാമത്തിനും പരിഹാരം കാണാൻ സാധിക്കും. നിലവിൽ ചേറും, കളയും, പായലും നിറഞ്ഞ് മലിനമായതിനാൽ ചിറയിലെ വെള്ളത്തിന് ദുർഗന്ധം ഉണ്ട്. കന്നുകാലികളെ കുളിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ചിറയിലെ മലിന ജലം കൊതുക് വർധനയ്ക്കും കാരണമാകുന്നു.