oda-pottipolinja-nilayil

കല്ലമ്പലം: കല്ലമ്പലത്ത് അപകട ഭീഷണിയുയർത്തി പൊട്ടിപ്പൊളിഞ്ഞ ഓടകൾ. ജംഗ്ഷനിലെ പ്രധാന റോഡ് വശത്തെയും വർക്കല റോഡിന്റെയും ഓടയുടെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കാൽനട യാത്രക്കാർ കൂടുതലും സഞ്ചരിക്കുന്നത് ഓടകൾക്ക് മുകളിലെ സ്ലാബിലൂടെയാണ്. കഴിഞ്ഞ ദിവസം വയോധികയുടെ കാൽ ഓടയിലകപ്പെട്ട് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ആഴ്ച അമ്മയോടൊപ്പം പോയ കുഞ്ഞിന്റെ വലത് കാൽ ഓടയിൽ അകപ്പെട്ടിരുന്നു. കുട്ടിയായതിനാൽ പെട്ടെന്ന് കാൽ വലിച്ചെടുക്കാൻ കഴിഞ്ഞു. മാസങ്ങൾക്ക് മുൻപ് ശക്തമായ മഴയത്ത് വിദ്യാർത്ഥിയുടെ കാൽ ഓടയിൽ കുടുങ്ങിയ സംഭവത്തിൽ സ്ലാബ് പൊട്ടിച്ചാണ് കാൽ പുറത്തെടുത്തത്. ഓടയിലകപ്പെട്ടുള്ള അപകടങ്ങൾ തുടർന്നിട്ടും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.

ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന റോഡിലെ ഓടകളാണ് കൂടുതലും അപകടഭീഷണിയാകുന്നത്. ഇതു സംബന്ധിച്ച് വ്യാപാരികൾ ബന്ധപ്പെട്ടവരെ പലവട്ടം വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. ഒടുവിൽ വ്യാപാരികൾ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് പൊളിഞ്ഞ ഭാഗത്ത് കല്ലും കട്ടയും വയ്ക്കേണ്ട സ്ഥിതിയായി.

വർക്കല റോഡിലും

വർക്കല റോഡിലെയും അവസ്ഥ വിഭിന്നമല്ല. പല ഭാഗത്തും ഓടകളുടെ മേൽമൂടി പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. തലനാരിഴയ്ക്കാണ് പലരും രക്ഷപെടുന്നത്. മേൽമൂടി പൊളിഞ്ഞതോടെ ദുർഗന്ധം പരക്കുന്നുവെന്നും പരാതിയുണ്ട്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് ഓടകളുടെ മേൽമൂടി മാറ്റി വൃത്തിയാക്കുന്നത് പതിവായിരുന്നെങ്കിലും ഏതാനും വർഷങ്ങളായി ഇതും നടക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

അവഗണനയിൽ

ചപ്പുചവറുകൾ ഓടയിൽ അടിഞ്ഞുകൂടി മഴക്കാലത്ത് ഓടയിലെ മലിനജലം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയാണ്. മൂന്നു പഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് കല്ലമ്പലം ജംഗ്ഷൻ. ഒറ്റൂർ, കരവാരം, നാവായിക്കുളം പഞ്ചായത്തുകൾ സംഗമിക്കുന്ന കല്ലമ്പലത്തെ അധികൃതർ അവഗണിക്കുന്നുവെന്നുള്ള പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

ആവശ്യങ്ങൾ അംഗീകരിക്കാതെ

കല്ലമ്പലം കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത്‌ രൂപീകരിക്കണമെന്നുള്ള ജനങ്ങളുടെ ആവശ്യവും അംഗീകരിച്ചില്ല.പ്രധാന വ്യാപാര കേന്ദ്രമായ കല്ലമ്പലത്ത് ആയിരക്കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നത്.

വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിൽ പോകാനുള്ള പ്രവേശന കവാടം കൂടിയാണ് കല്ലമ്പലം. വിദേശികൾ ധാരാളം ഇവിടെ എത്തുന്നുണ്ട്. തിരക്കേറിയ ജംഗ്ഷനിലെ ഓടകൾ മൂടിയിട്ട്‌ സൂക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.