
കല്ലമ്പലം: നാവായിക്കുളത്ത് കാർഷിക വിളകൾക്കും മനുഷ്യ ജീവനും ഭീഷണിയായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ലെന്ന് ആക്ഷേപം. നാവായിക്കുളം ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട ഡീസന്റ്മുക്ക്, വെള്ളൂർക്കോണം, മാടൻകാവ്, ഇടവൂർക്കോണം, പുതുശ്ശേരിമുക്ക്,കപ്പാംവിള, കുടവൂർ, കരവായിക്കോണം, കോട്ടറക്കോണം,തോളൂർ, മുല്ലനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായുള്ളത്. പകൽ സമയങ്ങളിൽ പോലും കാട്ടുപന്നികൾ കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കരവായിക്കോണത്ത് ടാപ്പിംഗ് തൊഴിലാളി പന്നിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഡീസന്റ്മുക്ക് മദ്രസയുടെ സമീപത്ത് വച്ച് വിദ്യാർത്ഥികൾക്ക് നേരെ പന്നികൾ കൂട്ടത്തോടെ പാഞ്ഞടുത്തതും അടുത്തിടെയാണ്. തക്ക സമയത്ത് രക്ഷിതാക്കൾ എത്തിയതിനാൽ കുട്ടികൾ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 7 ഓടെ ഇടവൂർക്കോണം ഭാഗത്ത് ഒറ്റ തിരിഞ്ഞെത്തിയ കാട്ടുപന്നി ഒരുമണിക്കൂറോളം പരിഭ്രാന്തി പരത്തി.
വിളകൾ നശിച്ചു
കാട്ടുപന്നിശല്യം കാരണം നാട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്തെ എക്കറുകണക്കിന് സ്ഥലത്ത് പാകമായ മരച്ചീനികളെല്ലാം പന്നി നശിപ്പിച്ചു. ഇവ പെറ്റുപെരുകുന്നതോടെ ജനങ്ങൾക്ക് വൻ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് നാട്ടുകാർ നൽകുന്നത്. സമീപ പഞ്ചായത്തുകളിൽ പന്നികളെ വെടിവെച്ചുകൊല്ലുന്നതടക്കം ശക്തമായ നടപടികൾ സ്വീകരിച്ചെങ്കിലും നാവായിക്കുളം പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്തതിൽ ഡീസന്റ്മുക്ക് റസിഡന്റ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിക്കുകയും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു.