
തിരുവനന്തപുരം: കർഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമഭേദഗതി സർക്കാർ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. താൻ മന്ത്രിയായതു കൊണ്ടാണോ ആന നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ചോദിക്കുന്ന വനം മന്ത്രിയാണ് നമുക്കുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. വനംവകുപ്പ് പരാജയമാണ്.
ജനവാസ പ്രദേശങ്ങൾ വനമാക്കാനുള്ള ശ്രമം എതിർക്കും. കോതമംഗലത്ത് ആനയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. സമീപ വർഷങ്ങളിൽ ആയിരത്തോളം പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടങ്ങളും വ്യാപകമായി നശിപ്പിച്ചു. ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്നതാണ് നിയമമാക്കുന്നത്. നിയമത്തിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരമാണ് നൽകുന്നത്. വനസംരക്ഷണത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകും. ഇത് സ്വകാര്യതയ്ക്ക് എതിരെയുള്ള വെല്ലുവിളിയായിരിക്കും.
വൈദ്യുതി ബോർഡിലെ അഴിമതിയുടെയും അനാസ്ഥയുടെയും പരിണിതഫലമാണ് നിരക്ക് വർദ്ധന. സർക്കാരിനെതിരായ സമരം കോൺഗ്രസും യു.ഡി.എഫും ശക്തിപ്പെടുത്തുകയാണ്. യു.ഡി.എഫ് കാലത്ത് വൈദ്യുതി ബോർഡിന്റെ കടം 1083 കോടിയായിരുന്നത് ഇപ്പോൾ 45000 കോടിയായി. മണിയാർ പദ്ധതി കരാർ സ്വകാര്യ കമ്പനിക്ക് നീട്ടി നൽകാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപങ്ങളുടെ ഭാഗമാണ്. അതിനെ രാഷ്ട്രീയമായും നിയമപരമായും ചോദ്യം ചെയ്യും.
ഭരണകക്ഷി അദ്ധ്യാപക സംഘടനയിലുൾപ്പെട്ടവരെ ചോദ്യം ചെയ്താൽ ചോദ്യ പേപ്പർ എവിടെ നിന്നാണ് ചോർന്നതെന്ന് അറിയാം. പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സംഘർഷം സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
 വന്യമൃഗ ആക്രമണം തടയുന്നതിൽ സർക്കാർ പരാജയം: കെ.സുരേന്ദ്രൻ
വന്യമൃഗ ആക്രമണം തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 692 പേർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആനയുടെ ആക്രമണത്തിൽ മാത്രം 115 പേർ കൊല്ലപ്പെട്ടു. ഇത്തരം മേഖലകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിൽ പോലും ഗുരുതരമായ അനാസ്ഥയാണുള്ളത്. സോളാർ വേലികൾ എല്ലാം തകർന്നുകിടക്കുകയാണ്. കോതമംഗലത്ത് എൽദോസ് എന്നയാൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. ആവശ്യത്തിന് വേണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പോലും വിന്യസിക്കാൻ വനം വകുപ്പ് തയ്യാറാവുന്നില്ലെന്നും കെ.സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.