p

തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ മുഖം തിരിച്ചറി‌ഞ്ഞുള്ള ബയോ മെട്രിക് പഞ്ചിംഗ് ഏർപ്പെടുത്താനുള്ള ഡയറക്ടറുടെ ഉത്തരവിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) രംഗത്ത്. സമാന ഡ്യൂട്ടിസാഹചര്യങ്ങളുള്ള പൊലീസ്,ഫോറസ്ട്രി, ഫയർ ഫോഴ്‌സ്, എക്‌സൈസ് വിഭാഗങ്ങളെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് നടപ്പിലാക്കാനൊരുങ്ങുന്നത്. ഡോക്ടർമാരുടെ വിവിധ ഡ്യൂട്ടികൾ കണക്കിലെടുത്ത് ആവശ്യമായ തിരുത്തലുകൾ നടത്തിയ ശേഷമേ പഞ്ചിംഗ് സംവിധാനം നടപ്പിൽ വരുത്തൂവെന്ന് സർക്കാർ കെ.ജി.എം.ഒ.എയ്ക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും പ്രസിഡന്റ് ഡോ.ടി.എൻ.സുരേഷും ജനറൽ സെക്രട്ടറി ഡോ.സുനിൽ പി.കെയും പറഞ്ഞു. വ്യത്യസ്ത കേഡറുകളിലായി ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാരുടെ ജോലി സമയവും ജോലിയുടെ സ്വഭാവവും തികച്ചും വ്യത്യസ്തമാണ്. വിവിധ ജോലി ക്രമീകരണങ്ങൾ, സ്ഥാപനത്തിന് പുറത്തുള്ള മറ്റ് നിരവധി ഡ്യൂട്ടികൾ, ഓൺലൈൻ - ഓഫ് ലൈൻ മീറ്റിംഗുകൾ, ട്രെയിനിംഗുകൾ, കോമ്പൻസേറ്ററി ഹോളിഡേ, കോമ്പൻസേറ്ററി ഓഫ് തുടങ്ങി മറ്റ് ഓഫീസ് ജീവനക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായ ജോലി സാഹചര്യങ്ങളും വ്യവസ്ഥകളുമാണ് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്കുള്ളത്. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് പോലും വ്യത്യസ്ത ഡ്യൂട്ടി സമയമാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് സാദ്ധ്യമാണെങ്കിൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരുത്താവൂയെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.