
ശിവഗിരി: ശ്രീനാരായണഗുരുദേവൻ ലോകത്തിന് നൽകിയ മഹാ അനുഗ്രഹമാണ് ശിവഗിരി തീർത്ഥാടനം. ഒരു തീർത്ഥാടനകേന്ദ്രം വേണമെന്ന് ആവശ്യപ്പെട്ട് ഗുരുവിനെ സമീപിച്ചവർ ലക്ഷ്യമാക്കിയത് ജാതിശല്യങ്ങൾ ഇല്ലാതെ അഭിമാനബോധത്തോടുകൂടി ചെല്ലാവുന്ന ഒരിടം എന്നായിരിക്കാം. എന്നാൽ, സ്വാഭിമാനമുണ്ടാവുക എന്നത് ജാതിയില്ലാതെ ആകുന്നതുകൊണ്ട് മാത്രമല്ല. മറിച്ച് ശുചിത്വപൂർണമായ ജീവിതം ഒരു ആചാരാനുഷ്ഠാനമായി ആചരിക്കുമ്പോൾകൂടിയാണ്. ഈശ്വര ഭക്തിയോടുകൂടി ജീവിച്ച് വിദ്യാഭ്യാസം നേടി കൃഷിയും കച്ചവടവും കൈത്തൊഴിലും ചെയ്തു മുന്നേറുന്ന സമൂഹത്തിൽ മുന്നേ നടക്കാൻ പ്രാപ്തമാക്കുന്നത് സംഘടനാ ശേഷിയും സാങ്കേതികശാസ്ത്ര പരിശീലനങ്ങളും ലഭിക്കുമ്പോഴാണ്.
ശിവഗിരി തീർത്ഥാടകർക്ക് മറ്റു തീർത്ഥാടകരെ പോലെ ഭാണ്ഡക്കെട്ടുകൾ ഒന്നും ആവശ്യമില്ല. ദീക്ഷയും വളർത്തേണ്ട.അത്യാവശ്യ ചെലവിനുള്ള പണം കരുതിയാൽ മതി. ഗുരുവിന്റെ ഓരോ പ്രവൃത്തിയും സമൂഹത്തിൽ കാലാകാലങ്ങളായി പിന്തുടരുന്ന അർത്ഥശൂന്യമായ ഉച്ചനീചത്വങ്ങൾ സൃഷ്ടിക്കുന്ന പാരമ്പര്യങ്ങളുടെ പരിഷ്കരണം ആയിരുന്നു. അത് നമ്മൾ ഉപയോഗിച്ചിരുന്ന പഴയ വീടുകളെ ഒരു വാസ്തുവിദ്യാവിദഗ്ദ്ധൻ പരിഷ്കരിച്ച് കൂടുതൽ സൗകര്യത്തിനുവേണ്ടി ആവശ്യമില്ലാത്തതിനെ മുറിച്ചുമാറ്റി ആവശ്യമായതിനെ കൂട്ടിച്ചേർത്ത് ചായങ്ങൾ കൊടുത്തു ഭംഗിയാക്കുന്നതുപോലെ. കേരളം ഇന്ന് ഇത്രകണ്ട് മനോഹരമായി, പരിഷ്കൃത സമൂഹമായി, ദൈവത്തിന്റെ സ്വന്തം നാടായി പരിവർത്തനപ്പെട്ടിരിക്കുന്നുവെങ്കിൽ അതിനുപിന്നിൽ ശ്രീനാരായണഗുരുദേവൻ എന്ന വാസ്തുവിദ്യാവിദഗ്ദ്ധന്റെ ശാസ്ത്രീയമായ മുറിച്ചുമാറ്റലുകളും കൂട്ടിച്ചേർക്കലുകളുമാണ്. അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെയും ആലുവ സർവമത സമ്മേളനത്തിലൂടെയും ശിവഗിരി തീർത്ഥാടനത്തിലൂടെയും ഇതുതന്നെയാണ് നമുക്ക് ബോദ്ധ്യപ്പെടുന്നത്. കാലത്തിനനുസരിച്ച് പരിഷ്കരിക്കുകയാണ് ചെയ്തത്.ഇതാണ് ഗുരു നമുക്ക് കാട്ടിത്തന്ന ഗ്രാഹ്യത്യാജ്യബുദ്ധി. ക്ഷേത്രങ്ങളെയും ക്ഷേത്ര വിശ്വാസങ്ങളെയും ഗുരു നിഷേധിച്ചില്ല. മറിച്ച് ക്ഷേത്രങ്ങളോടുനുബന്ധിച്ച് വിദ്യാലയങ്ങൾ കൂടി ഉണ്ടായിരിക്കണം എന്ന് ഉപദേശിച്ചു. ഉത്സവത്തിന് കരിയും കരിമരുന്നും വേണ്ട എന്ന് ഉപദേശിച്ചു.
പക്ഷേ ഗുരു നൂറ്റാണ്ടിനു മുൻപ് പറഞ്ഞ ഇത്തരം സാമൂഹിക ആധ്യാത്മിക വിഷയങ്ങളെ ഭാരതത്തിന്റെ ഉയർന്ന നീതിന്യായ സംവിധാനങ്ങൾക്ക് ഇപ്പോൾ പോലും ബോധ്യപ്പെടുന്നോയെന്ന് സംശയമാണ്. ആചാരങ്ങളാണ് ആദ്ധ്യാത്മികതയെന്ന് കരുതുന്ന ക്ഷേത്രജീവി സമൂഹങ്ങൾ ഗുരുവിനോടൊപ്പം എത്താൻ കാലമിനിയും എടുക്കുമെന്നതാണ് ദുഃഖകരം. മാറുന്ന സമൂഹത്തിന്റെ മുമ്പേ നടക്കാൻ, സമൂഹത്തിന്റെ നവീനമായ, ദിശാബോധമുള്ള ചർച്ചകൾക്ക് വഴിവിളക്കാകാൻ നമുക്ക് കഴിയണം. ക്രാന്തദർശിയായ ഗുരുവിന്റെ ഉപദേശങ്ങളെ ചർച്ച ചെയ്യാനും പഠിക്കാനുമുള്ള അവസരമായി തീർത്ഥാടനം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
(തയ്യാറാക്കിയത്: സജിനായർ)
പീതാംബരദീക്ഷ സമർപ്പണം ഇന്ന്
ശിവഗിരി : തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പീതാംബരദീക്ഷ ഇന്ന് രാവിലെ 10ന് ശിവഗിരി മഹാസമാധിയിൽ നടക്കും. ഗുരുപൂജ, പുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന എന്നിവയ്ക്കുശേഷം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പീതാംബരദീക്ഷാസമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദ, ജി.ഡി.പി.എസ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ധർമ്മാനന്ദ, സ്വാമി ദേശികാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി ശ്രീനാരായണദാസ്, സ്വാമി വിശാലാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ തുടങ്ങിയവർ നേതൃത്വം നൽകും.