തിരുവനന്തപുരം: മനുഷ്യ - വന്യജീവി സംഘർഷം കുറയ്‌ക്കാൻ കഴിഞ്ഞ ബഡ്‌ജറ്റിൽ വകയിരുത്തിയ 48.85 കോടി രൂപയിൽ ആകെ അനുവദിച്ചത് 21.82 കോടി മാത്രം. വന്യജീവി ആക്രമണം തുടർച്ചയാകുമ്പോഴാണ് സർക്കാരിന്റെ ഈ മെല്ലെപ്പോക്ക്. 2016 മുതൽ 2024 വരെ വന്യജീവി ആക്രമണത്തിൽ 968 പേരാണ് മരിച്ചത്. നഷ്ടപരിഹാരമായി 2663.49 ലക്ഷം രൂപയും നൽകി. എന്നിട്ടും വിഷയം വേണ്ടത്ര ഗൗരവത്തിൽ സർക്കാർ എടുത്തിട്ടില്ല.

വന്യജീവി സങ്കേതങ്ങൾ മെച്ചപ്പെടുത്തുക, നിർമ്മാണമുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ നവീകരിക്കുക, ദ്രുതകർമ സേനയെ ശക്തമാക്കുക, പൊതുജന പങ്കാളിത്തം ഉറപ്പാക്കുക, മൃഗങ്ങളുടെ വരവിനെയും ആക്രമണത്തെയും കുറിച്ച് മുന്നറിയിപ്പ് നൽകുക, ആക്രമണത്തിൽ നിന്നുള്ള രക്ഷാമാർഗങ്ങൾ അവലംബിക്കുക തുടങ്ങിവയ്ക്ക് ഊന്നൽ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പ്രതിരോധിക്കാൻ കാര്യമായി ഒന്നും ചെയ്തില്ല. മനുഷ്യ വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതു മാത്രമാണ് സ്വീകരിച്ച വലിയ നടപടി.

വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ സൗരോർജ്ജവേലി, തൂക്കുവേലി, കിടങ്ങ്, സംരക്ഷണഭിത്തി, റെയിൽ ഫെൻസിംഗ് എന്നിവ നിർമ്മിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ജൂണിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്. ജനവാസ മേഖലകളിലിറങ്ങുന്ന ആനകളെ വനത്തിലേക്ക് തുരത്താൻ കുങ്കികളെ ഉപയോഗിക്കുന്നതായും അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും നടപ്പായില്ല.

വർഷം............വന്യജീവി ആക്രമണത്തിൽ മരിച്ചവർ.......നഷ്ടപരിഹാരത്തുക

 2016...........................142......................................................................239.75 ലക്ഷം

 2017...........................110.......................................................................198.21

 2018...........................134.......................................................................242.66

 2019...........................100.......................................................................221.70

 2020...........................100.......................................................................270.50

 2021...........................127.......................................................................444.10

 2022..........................111........................................................................337.31

 2023..........................106.........................................................................709.26

 2024...........................38..............................................................(അനുവദിച്ച തുകയുടെ വിവരം കിട്ടിയിട്ടില്ല)