തിരുവനന്തപുരം: ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണമാണ് വിദ്യാഭ്യാസത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ലക്ഷ്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കേരള സർവകലാശാലയിലെ സംസ്കൃതവിഭാഗം സംഘടിപ്പിച്ച ത്രിദിന അന്തർദ്ദേശീയ സെമിനാർ സെനറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല ഭാഷകളുടെയും മാതാവായാണ് സംസ്‌കൃതത്തെ കരുതുന്നത്. സംസ്‌കൃതം ഇന്ത്യയുടെ അത്രതന്നെ പ്രായമുള്ളതും വാർദ്ധക്യം ബാധിക്കാത്തതുമാണ്. പാണിനിയുടെ വ്യാകരണം ഒരു ഭാഷയെന്ന തരത്തിൽ സംസ്‌കൃതത്തിന് സ്ഥിരത നൽകി.
സംസ്‌കൃതം എന്നത് വേദങ്ങളുടെയും ഉപവേദങ്ങളുടെയും ഭാഷ മാത്രമല്ല. നമ്മുടെ പല തത്വശാസ്ത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും വന്നത് സംസ്കൃതത്തിലാണ്. സംസ്‌കൃതത്തിലൂടെയുള്ള ഇന്ത്യയുടെ പ്രാചീന അറിവുകളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. ഇപ്പോൾ നാം പറയുന്ന സുസ്ഥിര വികസനം സംബന്ധിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ സംസ്‌കൃതത്തിലൂടെ നമുക്ക് അറിവുണ്ടായിരുന്നുവെന്നും ഗവർണർ പറഞ്ഞു.
വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷനായി. തിരുപ്പതി ശ്രീ വെങ്കിടേശ്വര വേദിക് സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. റാണി സദാശിവ മൂർത്തി മുഖ്യപ്രഭാഷണം നടത്തി. ഐ.സി.പി.ആർ മെമ്പർ സെക്രട്ടറി ഡോ. സച്ചിദാനന്ദ മിശ്ര, ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സാഹിത്യ വിഭാഗം മുൻ മേധാവിയും കാന്തള്ളൂർശാല ഡയറക്ടറുമായ ഡോ. പി.സി. മുരളീമാധവൻ, സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ, സംസ്‌കൃതവിഭാഗം മേധാവി പ്രൊഫ.സി.എൻ. വിജയകുമാരി എന്നിവർ പ്രസംഗിച്ചു.