wayanad

വയനാട്ടിൽ നടന്ന രണ്ട് സംഭവങ്ങൾ ആദിവാസികളോടുള്ള സമീപനത്തിൽ കേരളം ഇരുണ്ട നൂറ്റാണ്ടിൽത്തന്നെ തുടരുന്ന അപരിഷ്‌കൃത സമൂഹമാണെന്ന തോന്നൽ ബലപ്പെടുത്തുന്നതാണ്. ബീഹാറിലും യു.പിയിലുമൊക്കെയാണ് ഇതു നടന്നതെങ്കിൽ അസാധാരണത്വം തോന്നില്ലായിരുന്നു. മാനവികതയുടെയും വികസനത്തിന്റെയും നവോത്ഥാനത്തിന്റെയുമൊക്കെ പാതയിൽ ഏറെ മുന്നേറിയെന്ന് അവകാശപ്പെടുന്ന കേരളം, തുടങ്ങിയിടത്തേക്ക് തിരിച്ചുപോവുകയാണോ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കും വിധം നിർഭാഗ്യകരവും ദാരുണവുമാണ് രണ്ടു സംഭവങ്ങളും. മാനന്തവാടിക്കടുത്ത് കുറുവാ ദ്വീപിലെ കൂടൽക്കടവിൽ കൂലിപ്പണിക്കാരനായ മാതൻ എന്ന ആദിവാസിയെ അക്രമിസംഘം കാറിൽ അരകിലോമീറ്ററോളം വലിച്ചുകൊണ്ടുപോയി റോഡിൽ ഉപേക്ഷിച്ചതാണ് മാപ്പില്ലാത്ത ക്രൂരതയ്ക്ക് നിദർശനമായ ഒരു സംഭവം. മറ്റൊന്ന്, ആദിവാസി സ്‌ത്രീയുടെ മൃതദേഹം കൊണ്ടുപോകാൻ സർക്കാർ വകുപ്പ് ആംബുലൻസ് നിഷേധിച്ചതിനാൽ ശരീരഭാഗം പുറത്തേക്കു തള്ളിയ നിലയിൽ, മടിയിൽ കിടത്തി ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടിവന്ന സംഭവമാണ്.

ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പുൽപ്പള്ളി റോഡിലെ കൂടൽക്കടവിനു സമീപമാണ് ആദ്യത്തെ ക്രൂരത അരങ്ങേറിയത്. മാതൻ ഗുരുതരമായ പരിക്കുകളോടെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിന്റെ ഒരു ഭാഗത്തെ തൊലി പാടെ പോയി. കാലിന്റെ രണ്ട് ഉപ്പൂറ്റിയും തേഞ്ഞ് മാംസം പുറത്തായി. നടുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ പിന്നാലെ ഓടിയിട്ടും അരകിലോമീറ്ററോളം വലിച്ചിഴച്ചിട്ടാണ് കാർ നിറുത്തി, അക്രമികൾ രക്ഷപ്പെട്ടത്. പൊലീസ് പിന്നീട് അക്രമികളെ പിടികൂടുകയായിരുന്നു. ഇത്തരം മനുഷ്യത്വരഹിതമായ അക്രമണത്തിന് മുതിർന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ നമ്മുടെ ഭരണസംവിധാനങ്ങൾക്ക് കഴിയണം. ആദിവാസികൾക്കു നേരെ ആർക്കും എന്തുമാവാം എന്ന പൊതുവെയുള്ള ധാരണയാവും ഇവർക്ക് ഇത്ര ക്രൂരമായി പെരുമാറാൻ ധൈര്യം പകർന്നത്.

അട്ടപ്പാടിയിൽ മധുവിനെ കൈകൾ ബന്ധിച്ച് ആൾക്കൂട്ടം ഇടിച്ചുകൊന്ന സംഭവവും പത്രങ്ങളിൽ വന്ന ബന്ധിതനായ മധുവിന്റെ നിസ്സഹായ മുഖവും കേരളം മറന്നിട്ടില്ല. വിശപ്പ് സഹിക്കാതെ കുറച്ച് ധാന്യമെടുത്ത് കഴിച്ചതായിരുന്നു അവൻ ചെയ്ത കുറ്റം. ആ സംഭവത്തിന്റെ ഓർമ്മകൾ മായും മുമ്പേയാണ് മാതന്റെ സംഭവം ഉണ്ടായിരിക്കുന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് മാതന് ജീവൻ നഷ്ടമാകാതിരുന്നത്. വയനാട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ രണ്ടാമത്തെ സംഭവത്തിൽ സർക്കാരിന്റെ വീഴ്ച പ്രകടമാണ്. എടവക പഞ്ചായത്തിലെ ചുണ്ടമ്മയുടെ (76) മൃതദേഹമാണ് ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ആദിവാസി ക്ഷേമത്തിനായി എത്ര കോടി രൂപയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വർഷാവർഷം ചെലവിടുന്നത്. അവർ മരിച്ചാൽ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ഒരു ആംബുലൻസ് സൗജന്യമായി ഏർപ്പാട് ചെയ്യാൻ വ്യവസ്ഥ ഒന്നുമില്ലേ?

അടുത്തിടെയാണ് വനം വകുപ്പുകാർ വയനാട്ടിൽ കുറെ ആദിവാസികളെ അവരുടെ കുടിൽ നശിപ്പിച്ച് ഇറക്കിവിട്ടത്. സംഭവം വിവാദമായപ്പോഴാണ് വീണ്ടും കുടിൽ കെട്ടിക്കൊടുത്തത്. സർക്കാരിന്റെ റവന്യൂ, വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ ആദിവാസികളോട് കാണിച്ചിട്ടുള്ള ദ്രോഹങ്ങൾക്ക് കണക്കില്ല. ആദിവാസികൾക്ക് അനുവദിച്ച തുകയുടെ സിംഹഭാഗവും ഇത്തരം ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരായ രാഷ്ട്രീയക്കാരുടെയും പോക്കറ്റുകളിലേക്കാണ് പോയിട്ടുള്ളത്. ആദിവാസിയെ രക്ഷപ്പെടുത്താനായി അവർക്കിടയിലേക്ക് പോയിട്ടുള്ളവരാരും അവരെ രക്ഷപ്പെടുത്തിയ ചരിത്രമില്ല. എല്ലാ ആദിവാസികൾക്കും വിദ്യാഭ്യാസം നൽകുന്നതിലൂടെ മാത്രമേ അവരെ സമൂഹത്തിന്റെ ചതിക്കെണികളിൽ നിന്ന് മോചിപ്പിക്കാനാവൂ. വയനാട്ടിൽ, കേരളം ലജ്ജിക്കേണ്ടിവരുന്ന ഈ രണ്ട് സംഭവങ്ങളും നടന്നത് പട്ടികവർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന്റെ സ്വന്തം മണ്ഡലത്തിലാണെന്നത് അപമാനകരമാണ്. ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടതുപക്ഷ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണം.