mm

തിരുവനന്തപുരം: എഴുപതിലെത്തുമ്പോഴും ശരീരത്തിനും മനസിനും നൽകിയ സ്വാതന്ത്ര്യം തുടരുക, യൗവ്വനകാലത്തെന്നപോലെ ആഘോഷിക്കുക. അതാണ് കോസ്റ്റാറിക്കൻ സംവിധായിക അന്ററോണെല്ല സുദസാസിയുടെ മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി.

ബാല്യം, യൗവ്വനം, വാർദ്ധക്യം എന്നീ മൂന്ന് കാലത്തിൽ സ്ത്രീകളുടെ അനുഭവങ്ങൾ കൂട്ടിയോജിപ്പിച്ചിരിക്കുകയാണ് സിനിമയിൽ. അവരുടെ നിരാശയും വേദനകളും നഷ്ടപ്പെടലുകളും തിരിച്ചുപിടിക്കലുകളുമെല്ലാം സാർവത്രികമായി സ്ത്രീലോകത്തെയാകെ പ്രതിനിധീകരിക്കുന്ന സ്വഭാവത്തിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമാചിത്രീകരണത്തിന്റെ കെട്ടുംമട്ടുമൊക്കെ കാണിച്ചാണ് സിനിമ തുടങ്ങുന്നത്. വാതിൽപൂട്ടിയിറങ്ങുന്ന വാർദ്ധക്യത്തിലെ സ്ത്രീ ക്യാമറയോടെന്നപോലെ പ്രേക്ഷകരുമായി സംസാരിക്കുന്നു. തുടക്കത്തിൽ ഡോക്യുമെന്ററിയുടെ ഭാഷയാണോ എന്ന് തോന്നുമെങ്കിലും ക്രമേണ പ്രേക്ഷകർ നായികയുമൊത്ത് സഞ്ചരിക്കും. സോൾ കാർബല്ലോ അവതരിപ്പിച്ച 71 വയസുകാരിയിലൂടെയാണ് കഥ പറച്ചിലിൽ മൂന്ന് കാലത്തിലെ അന, പട്രീഷ്യ, മയേല എന്നിവർ കടന്നുവരുന്നത്. കഥാനായിക തന്നെയാണ് മൂന്നും. കുട്ടിക്കാലത്തെ ഇഷ്ടവും കൗമാരകാലത്തെ പ്രണയവും എല്ലാ സങ്കൽപ്പവും വീണുടയുന്ന വിവാഹ ജീവിതവും കഥപറച്ചിലിനിടയിൽ കൊരുത്തിട്ടിരിക്കുന്നു. സമൂഹം സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന ലൈംഗിക മനോഭാവങ്ങളെ പൂർണമായി തകർത്തുകളയുകയാണ് സംവിധായിക. കോസ്റ്റാറിക്കയിലെ സ്ത്രീകളുടെ ജീവിതമാണ് സിനിമയെങ്കിലും സാർവദേശീയമാണ് അതുയർത്തുന്ന ചിന്തകൾ. പഴയ സാധനങ്ങൾ, തുരുമ്പിച്ച ടിൻ ബോക്സുകൾ, മങ്ങിയ ഫോട്ടോ ആൽബങ്ങൾ എന്നിവയിലൂടെ അലഞ്ഞുതിരിയുന്നതിനിടയിലാണ് 71കാരി കഥപറയുന്നത്. സ്ത്രീകളുടെ ആഗ്രഹം തടയുന്നതുമുതൽ ലൈംഗിക വിദ്യാഭ്യാസം, ദുരുപയോഗം, ലൈംഗികതയിൽ വാർദ്ധക്യത്തിന്റെ സ്വാധീനം എന്നിവ വരെയുള്ള വിഷയങ്ങളെല്ലാം മനോഹരമായി സ്പർശിച്ചിരിക്കുന്നു. മാതൃത്വവും അത് സ്ത്രീകളിൽ ചെലുത്തുന്ന പുരുഷാധിപത്യ സമ്മർദ്ദങ്ങളും അതിന്മേലുള്ള അതിജീവനവും കാണാം. ആദ്യത്തെ സീനിൽ പൂട്ടിയ വാതിൽ അവസാന സീനിൽ തുറക്കുമ്പോൾ വെളിച്ചം നിറയുന്നത് പ്രേക്ഷകരിലേക്കുകൂടിയാണ്. ഈ വർഷത്തെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പനോരമ ഓഡിയൻസ് അവാർഡ് നേടിയ ചിത്രമാണിത്.