തിരുവനന്തപുരം: വിദ്യാർത്ഥി പ്രവേശനം മുതൽ സർട്ടിഫിക്കറ്റുനൽകുന്നതുവരെയുള്ള നടപടികൾ മഹാരാഷ്ട്രയിലെ കമ്പനിയെ ഏല്പിക്കുന്നതിനെ എതിർക്കുന്ന സർവകലാശാലകൾ, വിദ്യാർത്ഥികളുടെ ഡേറ്റ ഡിജിറ്റൽ സർവകലാശാലയ്ക്ക് കൈമാറണമെന്ന് ആവശ്യമുന്നയിച്ചു.
കേരള, കാലിക്കറ്റ് സർവകലാശാലകൾ മഹാരാഷ്ട്രയിലെ എം.കെ.സി.എൽ കമ്പനിക്ക് ഡേറ്റ കൈമാറുന്നതിൽ സർക്കാരിനെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സർവകലാശാലകളുടെയും കോളേജുകളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും ഒരു കുടക്കീഴിലാക്കുന്ന കേരള റിസോഴ്സ് ഫോർ എജ്യുക്കേഷൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ് ( കെ റീപ്) പദ്ധതിക്കായി വിദ്യാർത്ഥികളുടെ ഡേറ്റ മഹാരാഷ്ട്ര കമ്പനിക്ക് നൽകാനാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർവകലാശാലകളോട് ആവശ്യപ്പെടുന്നത്. സുരക്ഷ ഉറപ്പാക്കാതെയും സർക്കാർ നയം പ്രഖ്യാപിക്കാതെയും കൈമാറാനാവില്ലെന്ന് കേരള സർവകലാശാല മറുപടി നൽകി. ഐ.ടി ചട്ടപ്രകാരം രേഖകൾ മൂന്നാമതൊരു ഏജൻസിക്ക് കൈമാറാൻ പാടില്ലെന്നും കൈമാറുന്ന ഏജൻസിയുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കണമെന്നുമാണ് വ്യവസ്ഥ.
കെ-റീപ്പ് സോഫ്‌റ്റ്‌വെയറുണ്ടാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അസാപ്പാണ് മഹാരാഷ്ട്ര കമ്പനിയെ രംഗത്തിറക്കിയത്. കണ്ണൂർ സർവകലാശാല മാത്രമാണ് ഡേറ്റ കൈമാറിയത്.
പൂനെ, നാഗ്പൂർ സർവകലാശാല അടക്കം മഹാരാഷ്ട്രയിലെ 8സർവകലാശാലകൾ കാര്യക്ഷമതയില്ലാത്തതിന്റെ പേരിൽ കരിമ്പട്ടികയിൽ പെടുത്തിയ സ്ഥാപനമാണ് എം.കെ.സി.എൽ. അസാപ്പുമായി ധാരണാപത്രം ഒപ്പിട്ടാലേ വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറാനാവൂ എന്നാണ് കേരള, കലിക്കറ്റ് വി.സിമാരുടെ നിലപാട്. സോഫ്‌റ്റ്‌വെയറിന്റെയും ഡേറ്റയുടെയും ഉടമസ്ഥാവകാശം ആർക്കാണെന്നും ഡേറ്റ കൈമാറുന്ന ഏജൻസിയുമായി കരാറുണ്ടാവണമെന്നും വി.സിമാർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളായ എൻ.ഐ.സി, സി-ഡാക്ക് സി-ഡിറ്റ് എന്നിവയെ ഒഴിവാക്കിയാണ് മഹാരാഷ്ട്ര കമ്പനിയെ ചുമതലപ്പെടുത്തിയത്.