പോത്തൻകോട്: ക്രിസ്മസ് പുതുവത്സര അവധിക്കാല ആഘോഷങ്ങൾക്ക് പകിട്ടേകാൻ ശാന്തിഗിരി ഫെസ്റ്റിന്റെ രണ്ടാംഘട്ടം 20ന് ആരംഭിക്കും.ഒരു മാസം നീണ്ടുനിൽക്കും.20ന് ആശ്രമത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ നക്ഷത്രവിളക്ക് തെളിക്കുന്നതോടെ ഫെസ്റ്റിന് തുടക്കമാകും.ഒരു ലക്ഷം ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഫ്ളവർ ഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
72 ഇനം വിഭവങ്ങൾ വിളമ്പുന്ന ഉത്സവസദ്യ ഉൾപ്പെടെയുള്ള വെജിറ്റേറിയൻ ഫുഡ് കോർട്ട്,പ്രദർശന വ്യാപാരമേളകൾ,പക്ഷികളുടെ പ്രദർശനം,മഞ്ഞിൻതാഴ്‌വര,അരയന്നങ്ങളുടെ വീട്,വെർച്വൽ റിയാലിറ്റി ഷോ,അക്വാഷോ,ഗോസ്റ്റ് ഹൗസ്,റോബോട്ടിക് ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.
ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ സംയുക്താഭിമുഖ്യത്തിൽ 20 മുതൽ 22വരെ പീസ് കാർണിവലും നടത്തും. 22ന് വൈകിട്ട് 6ന് നടക്കുന്ന പീസ് കാർണിവൽ സൗഹൃദ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻചാണ്ടിയും മുൻആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പത്നി വിനോദിനി ബാലകൃഷ്ണനും ചേർന്ന് കേക്ക് മുറിച്ച് നിർവഹിക്കും.രാത്രി 7ന് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ സംഗീത രാവോടെ പീസ് കാർണിവൽ സമാപിക്കുമെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവേശനം.