പാർട്ടി സമ്മേളനങ്ങളിലെ മത്സരങ്ങൾക്ക് കാരണം നേതാക്കന്മാരുടെ തണലിൽ വളരുന്ന വിഭാഗീയതയാണെന്ന ആരോപണം തെറ്റാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ. പാർട്ടി ഭരണഘടന അനുസരിച്ച് സ്ഥാനങ്ങളിലേക്ക് മത്സരം നടത്താം. മൂന്നിടത്ത് ഏരിയ സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിന് വ്യത്യസ്ത അഭിപ്രായം വന്നു. അവിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. മുൻ ജില്ലാ സെക്രട്ടറിമാരടക്കമുള്ളവർ പാർട്ടിയെ യോജിപ്പിച്ചു കൊണ്ടുപോകുകയാണ്. ലീഡർഷിപ്പ് ഒരുമിച്ചിരുന്നാണ് തീരുമാനങ്ങൾ എടുക്കാറുള്ളതെന്നും ജോയി പ്രതികരിച്ചു. ജില്ലാ സമ്മേളനത്തിന്റെ തിരക്കുകൾക്കിടെ അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചു.
? കഴിഞ്ഞ മൂന്നു വർഷക്കാലത്തെ പാർട്ടിയുടെ വളർച്ചയെ എങ്ങനെ കാണുന്നു
മെച്ചപ്പെട്ട വളർച്ച പാർട്ടിക്കുണ്ടായി. മെമ്പർഷിപ്പും ബ്രാഞ്ചുകളും 10 ശതമാനം വർദ്ധിച്ചു. 51 തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫിന് ഭരണം ഉണ്ടായിരുന്നത് 54 ആയി. ബി.ജെ.പി ഭരിച്ചിരുന്ന കല്ലിയൂർ, കരവാരം ഗ്രാമപഞ്ചായത്തുകളും കോൺഗ്രസിൽ നിന്ന് പെരിങ്ങമ്മല പഞ്ചായത്തും തിരിച്ചുപിടിച്ചു.
? പാർട്ടിയുടെ വളർച്ചയ്ക്ക് സർക്കാരിന്റെ പ്രവർത്തനം സഹായമാകുന്നുണ്ടോ
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് പെൻഷൻ, മാവേലി സ്റ്റോറുകൾ അടക്കമുള്ളവയുടെ കാര്യത്തിൽ പ്രതിസന്ധി ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി നിയമസഭയിൽ റൂൾ 300 പ്രകാരം നടത്തിയ സ്റ്റേറ്റ്മെന്റിന് ശേഷം കൃത്യമായി പെൻഷൻ നൽകുന്നുണ്ട്. ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ നൽകുന്ന മുൻഗണന പാർട്ടിക്കും മുന്നണിക്കും മുന്നേറാനുള്ള അവസരമാണ്.
?മംഗലപുരത്ത് ഉണ്ടായത്
പാർട്ടി ബോധമില്ലാത്ത ഒരാൾ എങ്ങനെയോ പാർട്ടിയുടെ ഉയർന്ന സ്ഥാനത്തെത്തി. പാർട്ടിയിൽ വിഭാഗീയത നിലനിന്നിരുന്ന അവസരത്തിലാണ് ഇങ്ങനെയുള്ള ചിലർ പാർട്ടിയുടെ തലപ്പത്തെത്തിയത്.
?അതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചോ
യോഗ്യതയില്ലാത്ത ആളുകൾ വന്നതിൽ തെറ്റ് സംഭവിച്ചിട്ടുണ്ട്. വിദേശത്തായിരുന്ന മധു, ഒരു നേതാവിന്റെ ഡ്രൈവറായാണ് പാർട്ടിയിൽ എത്തിയത്. അതേ നേതാവിനെ തോൽപ്പിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. പാർട്ടിയിലേക്ക് കടന്നുവരുന്നവർ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ടോ എന്നതിൽ കൃത്യമായ പരിശോധന നടന്നില്ല.
? പണാപഹരണത്തിന് മധുവിനെതിരെ നൽകിയ കേസ്
സമ്മേളന നടത്തിപ്പിനായി ലോക്കൽ കമ്മിറ്റികളിൽ നിന്ന് 25,000 രൂപ വീതം പിരിച്ചെടുത്ത് ഏരിയ സെക്രട്ടറിയെ ഏല്പിച്ചിരുന്നു. നാലുലക്ഷത്തോളം രൂപ ലോക്കൽ സെക്രട്ടറിമാർ മധുവിന് കൈമാറുന്നതിന്റെ ദൃശ്യങ്ങളുണ്ട്.
? മൂന്ന് ലോക്കൽ സമ്മേളങ്ങൾ നിറുത്തിവച്ചിരുന്നു
മത്സരങ്ങളിലൂടെ അനർഹർ കടന്നുവരാനുള്ള സാദ്ധ്യത പലയിടത്തുമുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലാണ് സമ്മേളനങ്ങൾ നിറുത്തിവച്ചത്.
? തീരദേശമേഖലയിലാണ് സമ്മേളന വേദി
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വിജയിക്കാനായെങ്കിലും കോവളത്ത് പരാജയപ്പെട്ടിരുന്നു. വിഴിഞ്ഞത്ത് തുറമുഖത്തിനെതിരെ വലിയ സമരങ്ങളും നടന്നു. ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോവളത്ത് സമ്മേളനം നടത്താൻ തീരുമാനിച്ചത്.
? ജില്ലാ സെക്രട്ടറിയായപ്പോൾ എം.എൽ.എ എന്ന നിലയിൽ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടോ
2023ൽ ജില്ലാ സെക്രട്ടറിയായതിന് ശേഷം പഴയതുപോലെ മണ്ഡലത്തിൽ സജീവമാകാൻ ബുദ്ധിമുട്ടുണ്ട്. അത് മറികടക്കാനായി കഠിന പരിശ്രമം നടത്തുന്നുണ്ട്. നേരത്തെ രാവിലെ 8നാണ് മണ്ഡലത്തിൽ സജീവമായിരുന്നതെങ്കിൽ ഇപ്പോൾ ആറു മുതൽ ഒൻപത് വരെ മണ്ഡലത്തിലുണ്ടാകും. ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തുന്നത്. വൈകിട്ട് 7ഓടെ തിരികെയെത്തി 11 വരെ മണ്ഡലത്തിലുണ്ടാകും.
? സമ്മേളനത്തിനു ശേഷം ശ്രദ്ധ എന്തിനായിരിക്കും
2025ൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ പഞ്ചായത്തുകളിൽ ഭരണം നേടാനുള്ള പരിശ്രമം ഉണ്ടാകും.