
ആറ്റിങ്ങൽ: ദൂരെസ്ഥലങ്ങളിൽ നിന്നും പഠിക്കാനും ജോലിക്കുമായി വരുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ നഗരസഭ നിർമ്മിച്ച വനിത ഹോസ്റ്റൽ ഉദ്ഘാടനത്തിലൊതുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് 4 വർഷം കഴിഞ്ഞിട്ടും അത് തുറന്നുകൊടുക്കാൻ നഗരസഭയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആറ്റിങ്ങൽ വലിയകുന്ന് പോളി ടെക്നിക്കിനു സമീപം ജനകീയാസൂത്രണ പദ്ധതി പ്രകാരം 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വനിത ഹോസ്റ്റലിനാണീദുർഗതി. നിലവിൽ 20 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഹോസ്റ്റലിൽ ഒരുക്കിയിരിക്കുന്നത്.
മഴക്കാലത്ത് ക്യാമ്പ്
സ്വകാര്യ ഹോസ്റ്റലുകളിലെ വൻ ഫീസ് ഒഴിവാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2017 - 18ൽ ഹോസ്റ്റൽ നിർമ്മിച്ചത്. 2020ൽ ഹോസ്റ്റൽ ഉദ്ഘാടനവും ചെയ്തു. പിന്നീട് ഹോസ്റ്റലിന്റെ കവാടം തുറന്നിട്ടില്ല. മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പായി നിരവധി തവണ ഇവിടം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഹോസ്റ്റൽ പരിസരം കാടുകയറിയ നിലയിലാണ്. അടഞ്ഞുകിടക്കുന്ന കെട്ടിടം നിലവിൽ ജീർണാവസ്ഥയിലേക്ക് പോവുകയാണ്.
ആര് നോക്കും.
ഹോസ്റ്റൽ നടത്തിപ്പിന് വേണ്ട ജീവനക്കാരെ ആര് കണ്ടെത്തണമെന്ന ആശയക്കുഴപ്പം നഗരസഭയിലുണ്ടായി. വൈദ്യുതി, വാട്ടർ ബില്ലുകളും ഇതിനകം കുടിശികയുണ്ട്. ഹോസ്റ്റലിന്റെ നടത്തിപ്പിന് ഭക്ഷണം പാചകം ചെയ്യാനുള്ള പാത്രങ്ങൾ, പാചകത്തിന് വലിയ അടുപ്പ്, ഗ്യാസ് കണക്ഷൻ അങ്ങനെ നീളുന്നു ആവശ്യങ്ങളുടെ പട്ടിക. ജീവനക്കാരുടെ ശമ്പളമടക്കം ഇതൊന്നും നഗരസഭയ്ക്ക് നിലവിൽ താങ്ങാൻ കഴിയുന്നതല്ല. ഇതിനിടെ ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് കൈമാറാൻ നിർദ്ദേശമുണ്ടായി. എന്നാൽ നഗരസഭ രേഖാമൂലം കൈമാറാതെ കുടുംബശ്രീ ഏറ്റടുക്കാൻ തയാറല്ല.