തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കാൻ യു.ഡി.എഫ്. ജനുവരി മുതൽ മാർച്ച് വരെ തീരദേശത്തും മലയോര മേഖലയിലും പ്രചരണ ജാഥകൾ സംഘടിപ്പിക്കും. ഇതിനായി ജനുവരി ആദ്യം യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ചേരും. യു.ഡി.എഫ് മാനിഫെസ്റ്റോയും തയ്യാറാക്കുമെന്ന് കക്ഷിനേതാക്കളുടെ യോഗത്തിന് ശേഷം കൺവീനർ എം.എം.ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആവശ്യത്തിനു ഫണ്ട് നൽകാതെ പഞ്ചായത്തുകളുടെ വികസനം സംസ്ഥാന സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് എല്ലാ പഞ്ചായത്തുകളിലും സേവ് പഞ്ചായത്ത് കാംപെയിൻ സംഘടിപ്പിക്കും.വാർഡ് വിഭജനത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നൽകിയിട്ടുള്ള അപ്പീലിൽ തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കും.മലയോര കർഷകരെ ബോധപൂർവം കുടിയിറക്കാനും വനപാലകർക്ക് അമിത അധികാരം നൽകാനുമുള്ള വനനിയമ ഭേദഗതിയെ നിയമസഭയിലും പുറത്തും എതിർക്കും.

വയനാട് പുനരധിവാസത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. കേരളത്തിന് ആവശ്യമായ പുനർ നിർമാണ ഫണ്ട് നൽകാൻ കേന്ദ്രം തയാറാകുന്നില്ല. 300 വീടുകൾ നിർമിച്ചു നൽകാമെന്നു കർണാടക സർക്കാരും കോൺഗ്രസ്, മുസ്ലീംലീഗ് പാർട്ടികളും പ്രഖ്യാപിച്ചിട്ടും തുടർ നിലപാടു സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരമാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കണ്ടതെന്നും ഹസൻ പറഞ്ഞു.

മുനമ്പത്തിൽ
ഏക സ്വരം

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ അവിടത്തെ താമസക്കാരെ കുടിയൊഴുപ്പിക്കരുതെന്ന ഏകീകൃത നിലപാടാണ് യു.ഡി.എഫിനുള്ളതെന്ന് ഹസൻ പറഞ്ഞു. മുസ്ലീം ലീഗിന്റെ അഭിപ്രായം പലപ്പോഴായി മുതിർന്ന നേതാക്കൾ വ്യക്തമാക്കിയതാണ്. മുനമ്പം പ്രശ്നം സംസ്ഥാന സർക്കാർ നീട്ടിക്കൊണ്ടു പോകുന്നത് രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള കുത്സിത ശ്രമമാണ്.