
പള്ളിക്കൽ: തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ മുതൽ കൊല്ലംജില്ലയിലെ വെളിനല്ലൂർ വരെ കുടിവെള്ളത്തിനായുള്ള പൈപ്പിടാൻ റോഡ് വെട്ടി പൊളിച്ചിട്ട് നാളുകളായി. പള്ളിക്കലിൽ പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് കുഴിമൂടി ഉദ്യോഗസ്ഥർ പോയി. വർഷങ്ങൾ കഴിയുംതോറും റോഡിലെ കുഴി വലുതായി വരികയാണ്. ഇതുവഴി വളരെ ബുദ്ധിമുട്ടിയാണ് യാത്രചെയ്യുന്നത്. എന്നാൽ കൊല്ലം ജില്ലയുടെ ഭാഗമായ വെളിനല്ലൂരിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ കാലാനുസൃതമായി നടക്കുന്നുണ്ട്. അതിനാൽ പൈപ്പിട്ട ഭാഗത്തെ കുഴികളെല്ലാം കാണാൻപോലുമില്ല. ജില്ലാതിർത്തിയായ പകൽക്കുറി- വെളിനല്ലൂർ പാലം റോഡിനാണ് ഈ ദുർഗതി.
ഒട്ടേറെ ബസ് സർവ്വീസും സ്കൂൾവാഹനങ്ങളും ചരക്കുവാഹനങ്ങളും നിത്യവും കടന്നുപോകുന്ന റോഡിന്റെ ദുർഗതി അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി ഇരുചക്രവാഹനങ്ങലാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം പ്രദേശവാസികൾ ഉന്നയിക്കുന്നു.