
ബാലരാമപുരം: മുക്കംപാലമൂട് നെടുങ്ങോട്ടുകോണം ഗുരുമന്ദിരത്തിനു നേരെയും സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിൽ ഗുരുപ്രതിഷ്ഠാമന്ദിരത്തിന്റെ ഗ്ലാസുകൾ തകർക്കുകയും കാണിക്കവഞ്ചി കവരുകയും ചെയ്തു.ലഹരിമാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ സമാനരീതിയിൽ നടുക്കാട് ഗുരുദേവക്ഷേത്രത്തിന്റെ ചില്ല് തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ചിരുന്നു. തുടർദിവസങ്ങളിലാണ് ഇരുസംഭവങ്ങളും അരങ്ങേറിയത്. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ടും നടന്നത്. ശാഖാ ഭാരവാഹികളുടെ പരാതിയിൽ നരുവാമൂട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നടുക്കാട്, നരുവാമൂട്,മുക്കമ്പാലമൂട് പ്രദേശത്തെ സി.സിടിവി ക്യാമറകളുടെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. മുക്കംപാലമൂട് ശാഖയ്ക്കു നേരെയുള്ള ആക്രമണത്തിൽ ഫിംഗർ പ്രിന്റ് ,ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധന നടത്തി. ശാഖ മന്ദിരത്തിൽ നിന്ന് അമ്പത് മീറ്റർ അകലെ നിന്ന് ഡോഗ് സ്ക്വാഡിന്റെ സഹായത്താൽ മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. ഈ പ്രദേശത്ത് അക്രമികൾ തമ്പടിച്ച് മന്ദിരത്തിനു നേരെ ആക്രമണംപദ്ധതിയിട്ടതായി സൂചനയുണ്ട്. രാത്രി 12 നും 2 നും മദ്ധ്യേ ആളൊഴിഞ്ഞ സമയത്താണ് ഗുരുമന്ദിരം തകർക്കപ്പെട്ടതെന്ന് സംശയിക്കുന്നു. മദ്യപാനികളുടെ സംഘം ഈ ഭാഗത്ത് പതിവാണെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. സാമൂഹ്യസ്പർദ്ധയാണ് ഇത്തരം ലഹരിമാഫിയ സംഘങ്ങൾ ലക്ഷ്യമിടുന്നത്. അക്രമത്തിന് പിന്നിലെ തത്പരകക്ഷികളെ പൊതുജനമദ്ധ്യത്തിൽ കൊണ്ടുവരണമെന്നും കടുത്ത ശിക്ഷനൽകണമെന്നും ശാഖായോഗം പൊലീസിനോട് ആവശ്യപ്പെട്ടു.