general

ബാലരാമപുരം: ശ്രീനാരായണഗുരുദേവ പ്രാർത്ഥനാമന്ദിരങ്ങൾക്കു നേരെയുള്ള ആക്രമണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും എം.എൽ.എയുമായ വി.ജോയി ആവശ്യപ്പെട്ടു. മുക്കംപാലമൂട് ആക്രമണം നടന്ന ഗുരുമന്ദിരം സന്ദർശിച്ചതിനു പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. തുടർ ദിവസങ്ങളിൽ രണ്ട് ഗുരുമന്ദിരങ്ങൾ ആക്രമിക്കപ്പെട്ടത് സംശയാസ്പദമാണ്. സാമുദായിക സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്ന ചില സാമൂഹ്യശക്തികളാണ് ഇതിന് പിന്നിൽ. ഉന്നത പൊലീസ് ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നതായും വി.ജോയി പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം ബഷീർ,​ എസ്.കെ പ്രീജ,​ നേമം ഏരിയ സെക്രട്ടറി അഡ്വ.എ.പ്രതാപചന്ദ്രൻ,​ പാറക്കുഴി സുരേന്ദ്രൻ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ,​ കെ.പ്രസാദ്,​ എസ്.കൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.