നെടുമങ്ങാട്: മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോഡ്രൈവറെ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘം ആളുമാറി ടാപ്പിംഗ് തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. വലിയമല കരിങ്ങ ജിതേഷ് ഭവനിൽ തുളസീധരൻ നായരെയാണ് (60) ഗുണ്ടാസംഘം ആക്രമിച്ചത്.
ഇന്നലെ പുലർച്ചെ 5ഓടെ കരിങ്ങയിൽ സെന്റ് തോമസ് പള്ളിയുടെ മുന്നിലുള്ള റബർത്തോട്ടത്തിൽ വച്ചായിരുന്നു ആക്രമണം.ഇരുളിൽ പതിയിരുന്ന നാലംഗസംഘം സന്തോഷ് ആണോ എന്നുചോദിച്ചശേഷം തുളസീധരൻ നായരെ ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും തോളിലും വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിൽ വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോൾ കൈക്കുഴയ്ക്ക് സാരമായി പരിക്കേറ്റു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തുളസിയുടെ കൈക്കുഴയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി, ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

തുളസീധരൻ നായരുടെ അയൽവാസിയും ഓട്ടോഡ്രൈവറുമായ സന്തോഷിനെയാണ് ഗുണ്ടാസംഘം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നത്.കഴിഞ്ഞ ദിവസം സിറ്റിയിൽവച്ച് സന്തോഷും ചിലരുമായി വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ച് സന്തോഷിനെ ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു.

ഗുണ്ടാസംഘം തുളസീധരൻ നായരെ ആക്രമിക്കുന്ന സമയം സന്തോഷ് സെന്റ് തോമസ് പള്ളിയിലുണ്ടായിരുന്നു.പതിവായി പള്ളിയിൽ പ്രഭാതമണി മുഴക്കുന്നതും മറ്റും സന്തോഷാണ്.റബർത്തോട്ടത്തിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ ഇയാളാണ് ഓട്ടോറിക്ഷയിൽ തുളസീധരൻ നായരെ ആശുപത്രിയിലെത്തിച്ചത്.സന്തോഷ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.

വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ പാലോട് എസ്.എച്ച്.ഒയാണ് കേസന്വേഷിക്കുന്നത്.സമീപ പ്രദേശങ്ങളിലെ സി.സി ടിവി ദൃശ്യങ്ങളിൽ പ്രതികൾ വന്നതും പോയതുമായ ചിത്രങ്ങൾ ലഭിച്ചിരുന്നു.

നാലുപേർ കസ്റ്റഡിയിൽ

ടാപ്പിംഗ് തൊഴിലാളിയെ ആളുമാറി വെട്ടിയക്കേസിൽ നാലുപ്രതികൾ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന.അക്രമത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ വൈകിട്ട് വെങ്ങാനൂരിൽ വച്ച് അന്വേഷണ സംഘം പിടികൂടിയതായാണ് അറിയുന്നത്.ഓട്ടോ ഡ്രൈവർ സന്തോഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് ലഭിച്ച മൊഴിയാണ് വഴിത്തിരിവായത്.സന്തോഷിനെ ആക്രമിക്കാൻ അടുത്ത ബന്ധുക്കളിലൊരാളുടെ ക്വട്ടേഷനാണ് ആളുമാറി തുളസീധരനെ വെട്ടിയതിൽ കലാശിച്ചത്. വിശദമായ മൊഴിയെടുത്ത ശേഷം കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തും.