തിരുവനന്തപുരം: മെമ്മറീസ് ഒഫ് എ ബേണിംഗ് ബോഡി യാഥാർത്ഥ്യബോധത്തോടെ സ്ത്രീയെ വെളിപ്പെടുത്തുന്ന ചിത്രമാണെന്ന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൗളീന ബെർനിനി. മുഖമറിയാത്ത അനേകം സ്ത്രീകളുടെ സാക്ഷ്യപ്പെടുത്തലുകളിലേക്ക് എത്താനുള്ള മാർഗമാവുകയായിരുന്നു താനെന്ന് അവർ പറഞ്ഞു.മുഖം വെളിപ്പെടുത്താനാകാത്ത കുറേ സ്ത്രീകളുടെ യഥാർത്ഥ ശബ്ദരേഖ മാത്രം കൈവശം വച്ചാണ് സംവിധായികയായ ആന്റൊണെല്ല സുഡസാസി ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്കിറങ്ങുന്നത്. ഡോക്യുമെന്ററിയുടെ സ്വഭാവമുൾക്കൊണ്ട് നിർമ്മിച്ച പരീക്ഷണ ചലച്ചിത്രമാണ് മെമ്മറീസ് ഒഫ് എ ബേണിംഗ് ബോഡി. ലൈംഗികതയെക്കുറിച്ച് രഹസ്യമായി മാത്രം സംസാരിക്കുന്ന, പുരുഷന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കുന്ന യാഥാസ്ഥിതിക സമൂഹത്തിലാണ് കഥ നടക്കുന്നതെന്നും അവർ പറഞ്ഞു.