
തിരുവനന്തപുരം:കേന്ദ്രം നിർദ്ദേശിച്ച ത്രികക്ഷി കരാർ സ്വീകാര്യമല്ലെന്ന സംസ്ഥാനത്തിന്റെ നിലപാട് ശബരി റെയിൽപ്പാതയ്ക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക. മദ്ധ്യകേരളത്തിലെ നാലു ജില്ലകൾക്കും ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തിനും ഗുണകരമാവുന്നതാണ് ശബരി റെയിൽപ്പാത.
പദ്ധതിചെലവിന്റെ പകുതി വഹിക്കാമെന്ന് കേരളവും കേന്ദ്രവും റിസർവ്ബാങ്കുമായി ഒപ്പിടേണ്ട കരാറാണിത്.
കേരളം വിഹിതം മുടക്കിയാൽ, കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് അനുവദിക്കുന്ന പദ്ധതി തുകകളിൽ നിന്ന് ഈടാക്കി റെയിൽവേയ്ക്ക് നൽകാൻ റിസർവ് ബാങ്കിന് അധികാരം നൽകുന്നതാണ് ത്രികക്ഷി കരാർ.
കിഫ്ബിയിൽ നിന്ന് തുക നൽകാമെന്നും അത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് കേരളത്തിന്റെ ഉപാധി.
യാതൊരു ഉപാധിയുമില്ലാതെ കരാറിൽ ഒപ്പിടണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
പദ്ധതി ചെലവായ 3800.94കോടിയിൽ 1900.47കോടിയാണ് കേരളം മുടക്കേണ്ടത്.അഞ്ചുവർഷം കൊണ്ട് ഗഡുക്കളായി റെയിൽവേയ്ക്ക് പണംനൽകിയാൽ മതി.
ഒത്തുപോകാത്ത നിലപാടുകൾ
അങ്കമാലി-എരുമേലി-നിലയ്ക്കൽ പാത രണ്ടുഘട്ടമായി നടപ്പാക്കണം. ഒറ്റലൈൻ മതി. ഭാവിയിൽ ഇരട്ടപ്പാത പരിഗണിക്കാം -സർക്കാർ
നിലവിൽ അങ്കമാലി-എരുമേലി 111കി.മി പാതയാണ്. ഇത് പമ്പവരെ നീട്ടി ഇരട്ടപ്പാതയാക്കണം. പാതിചെലവ് സംസ്ഥാനം വഹിക്കണം- റെയിൽവേ
വിഴിഞ്ഞത്തിനും ഗുണമാവും
വിഴിഞ്ഞത്തുനിന്നുള്ള ചരക്ക് ഇടനാഴിയായി മാറ്റാം. വടക്കോട്ടുള്ള കണ്ടെയ്നർ നീക്കം സുഗമമാക്കും. റെയിൽപ്പാതയ്ക്ക് ഇരുവശവും ലോജിസ്റ്റിക്ഹബുകളും സാമ്പത്തിക-വാണിജ്യ-കാർഷിക-വ്യാപാര മേഖലകളും സ്ഥാപിക്കാം. തുറമുഖം കേന്ദ്രീകരിച്ചുള്ള ബ്ലൂ-ഇക്കണോമി മദ്ധ്യകേരളം വരെ വ്യാപിക്കും.