
സ്‌നേഹവായ്പിന്റെ നിഷ്‌കളങ്കതയുടെ ലോകമായിരുന്നു ഉണ്ണിക്കുട്ടന്റേത്. മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെട്ടതുകൊണ്ടുതന്നെ തലമുറകൾ ആ ലോകത്തിന്റെ മധുരം ആർത്തിയോടെ നുകർന്നു. പിറന്നാൾ സമ്മാനമായി കിട്ടിയ 'നന്തനാരുടെ കഥകൾ" ഉണ്ണിക്കുട്ടനോടൊപ്പം ഒരു ദേശത്തെ മുഴുവൻ എനിക്കു തന്നു. പെരുമഴയിൽ നനഞ്ഞുകുതിർന്നൊരു രാവിലെ മലപ്പുറം, അങ്ങാടിപ്പുറത്തെത്തുമ്പോൾ തിരുമാന്ധാംകുന്ന് ദേവിയെ തൊഴുത്, എന്നെക്കാത്തു നില്പുണ്ട്, നന്തനാരുടെ മൂത്ത മകൻ സുധാകരനും ഇളയച്ഛന്റെ മകൻ ശശിധരനും. ചെല്ലുമെന്ന് നേരത്തേ അറിയിച്ചതു ഭാഗ്യം.
നന്തനാരുടെ കഥകൾക്കു പശ്ചാത്തലമായ നാട്. നന്തനാർ ഓർമ്മയായിട്ട് 50 വർഷം കഴിഞ്ഞു. വള്ളുവനാടൻ മലയാളത്തിന്റെ തെളിമയും പച്ചയായ ജീവിതസന്ദർഭങ്ങളുമടങ്ങുന്ന ഏഴു നോവലുകൾ, പതിനൊന്ന് കഥാസമാഹാരങ്ങൾ, ഒരു നാടകം! 'ജീവിതം സുന്ദരമാണ്" എന്ന് ആഹ്വാനം ചെയ്ത് ജീവിതത്തിലേക്ക് തിരിഞ്ഞുനടന്ന സ്വന്തം കഥയിലെ നായകനാകാൻ ജീവിതത്തിൽ നന്തനാർക്കു കഴിഞ്ഞില്ല. ഉണ്ണിക്കുട്ടന്റെ ലോകം പോലെ സുന്ദരമായിരുന്നില്ല, നന്തനാർ എന്ന പി.സി. ഗോപാലന്റെ ബാല്യം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നന്തനാരുടെ ജന്മഗൃഹത്തിലേക്കു നടക്കുമ്പോൾ സുധാകരൻ ആ കഥ പറയുകയായിരുന്നു...
കഥയൊഴിഞ്ഞ
കുട്ടിക്കാലം
1926- ലെ ഒരു മിഥുനമാസ രാത്രിയിലാണ് നാണിക്കുട്ടി അമ്മയുടെയും പരമേശ്വര തരകന്റെയും മൂത്ത പുത്രനായി പി.സി. ഗോപാലൻ ജനിക്കുന്നത്. പിന്നെ, കേശവൻ, പാറുക്കുട്ടി എന്നീ രണ്ടു സഹോദരങ്ങളും കൂട്ടിനെത്തി. പൂരപ്പറമ്പിൽ ചെങ്ങര എന്ന സമ്പന്നമായ തറവാടായിരുന്നു നന്തനാരുടെ അമ്മയുടേത്. കൂട്ടുകുടുംബം ഭാഗിക്കപ്പെട്ടപ്പോൾ സ്വത്തെല്ലാം അടുത്ത ബന്ധു തട്ടിയെടുത്തു. അങ്ങനെ വന്നുകയറിയ ദാരിദ്ര്യം, അവഗണന, കുത്തുവാക്കുകൾ... എല്ലാം നന്തനാർ പിന്നീട് കഥയ്ക്ക് വിഷയങ്ങളാക്കി. എന്നാൽ കുഞ്ഞുഗോപാലന് ജീവിതം വെറുത്തുതുടങ്ങാനും അവ കാരണമായി.
അറ്റകുറ്റപ്പണി കഴിഞ്ഞ് പൂട്ടിയിട്ടിരിക്കുന്ന പത്തായപ്പുരയ്ക്കു മുന്നിൽ ഞങ്ങൾ നിന്നു. 'വിലക്കപ്പെട്ട കഞ്ഞി" എന്ന കഥയിൽ ചത്ത പല്ലി കിടന്ന കഞ്ഞി കുടിക്കാൻ ഇടയായ വേണുവും, ആട് കുടിച്ച കഞ്ഞിയുടെ ബാക്കി വലിച്ചുകുടിച്ച 'ദാരിദ്ര്യം" എന്ന കഥയിലെ അപ്പുണ്ണിയും മനസിലേക്ക് കയറിവന്നു. ചോർന്നൊലിക്കുന്ന പത്തായപ്പുരയിൽ, കത്തിപ്പടരുന്ന വിശപ്പുകൊണ്ട് ചുരുണ്ടുകിടന്ന ഗോപാലനെ പത്താംവയസിൽ സ്‌കൂളിൽ ചേർത്തു. കൊടുംപട്ടിണിയിലും സമർത്ഥനായ വിദ്യാർത്ഥിയായി അഞ്ചാംക്ലാസ് ജയിച്ചു. ആറാം ക്ലാസിൽ ചേരാൻ ഫീസിനായി നാലണയ്ക്കായി കണ്ണീരോടെ പലരോടും കെഞ്ചി. കിട്ടാതെ വന്നപ്പോൾ പഠിപ്പു നിറുത്തി.
പത്തായപ്പുരയിൽ നിന്ന് തിരിച്ചുനടന്ന്, സുധാകരൻ കഥ തുടർന്നു: 'വീട്ടിലെ ദുസഹമായ ജീവിതം അച്ഛനെ തളർത്തിയ കാലം. പഠിക്കാൻ പറ്റിയില്ല. ജോലിക്ക് ശ്രമിക്കാനുള്ള പ്രായമായിട്ടുമില്ല.ചുറ്റിനും അവഹേളനവും കുറ്റപ്പെടുത്തലും കുത്തുവാക്കും മാത്രം. ദിവസങ്ങളോളം പച്ചവെള്ളം മാത്രം കുടിച്ചുള്ള ജീവിതം. ഇങ്ങനെ കഴിയുന്നതിലും ഭേദം മരിക്കുകയാണെന്ന് മനസ് ചിന്തിച്ചുപോകുന്ന സ്ഥിതി. ആ അവസ്ഥയിൽ അച്ഛന് ശാന്തിയും സമാധാനവും നല്കിയ ഒരിടമുണ്ട്, ഇവിടെ."
പുഴ, കല്ലുപാലം,
മാന്ധാതാവ്
കഥയെഴുത്തിൽ ഏറ്റവും സ്വാധീനിച്ച ഭൂമിക എന്ന് നന്തനാർ തന്നെ വിശേഷിപ്പിച്ച ആ സ്ഥലത്തേക്കാണ് നടപ്പ്. ക്ഷേത്രം വലംവച്ച് ഞങ്ങൾ വടക്കേ നടയിലെത്തി. മുകളിൽ നിന്നു നോക്കിയാൽ, ദൂരെ പുൽമേടുകൾ കാണാം. താഴേക്ക് പടികൾ നീണ്ടുകിടക്കുന്നു. ഏതോ പൗരാണിക കാലം കൺമുന്നിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടതു പോലെ! നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ അരയാലുകൾ മാനംമുട്ടെ ശാഖോപശാഖകൾ വിടർത്തി നിൽക്കുന്നു. കാറ്റിൽ വെഞ്ചാമരംപോലെ ആടിയുലയുന്ന അരയാലിലകൾ. ആലിനു ചുറ്റും പഴയൊരു തറ. മുന്നിലായി ആർത്തലച്ചൊഴുകുന്ന പുഴ. വെള്ളത്തിന് കലക്കനിറം. അടുത്തടുത്തായി ഇടയിൽ ഭിത്തി കെട്ടിയ രണ്ടു പടവുകൾ പുഴയിലേക്കിറങ്ങുന്നു. ആലിന്റെ വലതു ഭാഗത്ത് ആറാട്ടുകടവ്. ആറാട്ടുകടവിനും കുറച്ചകലെയായി പുഴയ്ക്കു കുറുകെ ഒരു പാലം.
നാട്ടുകാർ കല്ലുപാലം എന്നു പറയും. ക്ഷേത്ര ഐതിഹ്യവുമായി ബന്ധമുള്ളതാണ് പാലം. ക്ഷേത്രം സ്ഥാപിച്ച, ഇക്ഷ്വാകു വംശത്തിലെ മാന്ധാതാവ് എന്ന രാജർഷി അവസാനകാലത്ത് പരമശിവനെ തപസു ചെയ്തു. സംപ്രീതനായ ദേവൻ, തനിക്ക് ഏറ്റവും പ്രിയങ്കരമായ ശിവലിംഗം മാന്ധാതാവിനു നൽകി. അതും ശിരസിൽ വഹിച്ച് താഴോട്ടു താഴോട്ടു വന്നു. ഈ കുന്നിൽ വന്നുചേർന്ന മാന്ധാതാവ് ശിവലിംഗം താഴെ വയ്ക്കവേ അത് ഭൂമിയിൽ ഉറച്ചുവത്രേ. നീരാട്ടു കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീപാർവതി, പൂജാസമയമായപ്പോൾ താൻ നിത്യപൂജ ചെയ്യുന്ന ശിവലിംഗം കാണാതെ പരിഭ്രാന്തയായി.
ഉടനെ ശ്രീപാർവതി ഭദ്രകാളിയെ വിവരം ധരിപ്പിച്ചു. ഭൂതഗണങ്ങളോടൊത്തു പോയി ശിവലിംഗം വീണ്ടെടുക്കാൻ ആജ്ഞാപിച്ചു. വഴിമദ്ധ്യേ തടസം നിന്ന പുഴ കടക്കാൻ ഭൂതഗണങ്ങൾ കൂറ്റൻ പാറകൾ എറിഞ്ഞുണ്ടാക്കിയതാണ് ഈ പാലമെന്ന് വിശ്വസിക്കപ്പെടുന്നു. കഥാവസാനം മാന്ധാതാവിന്റെ ഭക്തിയിൽ പ്രസാദിച്ച പാർവതീ ദേവി ശിവലിംഗം വിട്ടുകൊടുത്തു. ശിവൻ, പാർവതി, ഗണപതി ഇവരുെടെയെല്ലാം നിത്യസാന്നിദ്ധ്യം ക്ഷേത്രത്തിനുണ്ടായി. കാര്യസാദ്ധ്യത്തിനായി ആദ്യമെത്തിയ കാളി തന്നെയാണ് തിരുമാന്ധാംകുന്ന് ദേവി.
'ഇതായിരുന്നു അച്ഛന്റെ സ്ഥിരം സ്ഥാനം." സുധാകരൻ അച്ഛന്റെ കഥ തുടരുകയാണ്: 'ഒറ്റയ്ക്ക് ഇവിടെവന്ന് മണിക്കൂറുകളോളം ഇരിക്കും. ക്ഷേത്രത്തിലെ ശംഖനാദവും പൂജാമണികളുടെ ശബ്ദവും അരയാലിലകളുടെ മർമ്മരവും സന്ധ്യയുടെ തുടിപ്പുമെല്ലാം ചേർന്ന് തന്നെ അലൗകികമായ അനുഭൂതിയിലേക്ക് ഉയർത്തിയിരുന്നുവെന്ന് അച്ഛൻ തന്നെ എഴുതിയിട്ടുണ്ട്. ചില ദിവസങ്ങളിൽ കല്ലുപാലം കടന്ന് ആ കുന്നിൽ ചെരുവിലേക്ക് നടക്കും. കുന്നിൽചെരിവു കഴിഞ്ഞാൽ റെയിൽ പാളങ്ങളാണ്. പാളത്തിലൂടെ അലക്ഷ്യമായി നടക്കും. അങ്ങനെയൊരു യാത്രയിൽ പരിചയക്കാർ ആരുമില്ലെന്ന് ഉറപ്പുവരുത്തി ഒരു വീട്ടിലെ പിണ്ഡസദ്യയ്ക്കു ശേഷമുള്ള സർവാണിസദ്യയിൽ ഊണുകഴിച്ച് വയറ്റിലെ ശൂന്യതയ്ക്ക് താൽക്കാലിക ശമനം വരുത്തിയ സംഭവം അനുഭവങ്ങൾ എന്ന നോവലിൽ അച്ഛൻ പറയുന്നുണ്ട്."
പുഴയിൽ, സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ കടവുണ്ടായിരുന്നു. ആഴക്കൂടുതലും ചുഴിയും കാരണം ഇപ്പോൾ പുഴയിലിറങ്ങാൻ വിലക്കുണ്ട്. കുട്ടിക്കാലത്തേ നീന്തൽ പഠിച്ച നന്തനാർ പാലത്തിനു മുകളിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തൊരു ചാട്ടമാണ്. അക്കരെയിക്കരെ നീന്തലും മുങ്ങിക്കുളിയും. കാലം പോകെ മുറിമീശ മുളച്ച കാലത്തെ തുടിച്ചുനീന്തലിനിടയിലാകാം, സ്ത്രീകളുടെ കടവിൽ തോർത്തുമുണ്ടുത്ത് ദേഹമാകെ സോപ്പിൻ പതയിൽ പൊതിഞ്ഞുനിന്ന 'മീനാക്ഷിക്കുട്ടി"യെ വല്ലാത്തൊരു കൗതുകത്തോടെ ശ്രദ്ധിച്ചത്. 'അനുഭവങ്ങൾ" എന്ന നോവലിൽ, കടിഞ്ഞൂൽ പ്രണയിനിയായ മീനാക്ഷിക്കുട്ടിയെ ഗോപി പ്രണയാവേശത്തോടെ കണ്ണുകൊണ്ട് കോരിക്കുടിക്കുന്ന ആ രംഗം മനസിൽ തെളിയുന്നു.
കഥയൊഴുകിയ
വഴികൾ
സുധാകരൻ പറഞ്ഞുകൊണ്ടേയിരുന്നു: 'പത്തായപ്പുരയുടെ അടുത്തുള്ള നാലുകെട്ടിലായിരുന്നു വലിയമ്മയും ചെറിയമ്മയും കുടുംബവും താമസം. വലിയമ്മയുടെ സംബന്ധക്കാരനായിരുന്നു രാമൻ നമ്പൂതിരി. ഇടയ്ക്കിടെ അദ്ദേഹം നാലുകെട്ടിൽ വരും. നല്ല സംസാരപ്രിയനാണ്. പൊടിപ്പും തൊങ്ങലും വച്ചുള്ള പുള്ളിയുടെ കഥപറച്ചിൽ അച്ഛന് ഹരമായിരുന്നു. വാഴേങ്കട ഉത്സവം കാണാൻ പോയ കഥ തീരാൻ കുറഞ്ഞത് രണ്ടുദിവസം പിടിക്കും. അങ്ങാടിപ്പുറം ദേശത്ത് പിന്നെയുമുണ്ടായിരുന്നു കഥപറച്ചിലുകാർ. രഹസ്യക്കാരി ചെട്ടിച്ചിയുടെ വിശേഷങ്ങളുമായി വയനാട്ടിൽ നിന്ന് എത്തുന്ന ശങ്കുണ്ണ്യമ്മാൻ, ഭ്രാന്തൻ ശങ്കരൻ നായർ, നായാട്ടു കമ്പക്കാരൻ രാഘവേട്ടൻ... കഥകളുടെ അക്ഷയഖനിയായിരുന്നു ഇവരെല്ലാം. കഥകൾ കേട്ടുകേട്ട് അച്ഛൻ നല്ല കഥപറച്ചിലുകാരനും പിന്നെ കഥയെഴുത്തുകാരനുമായി!"
റോഡിന്റെ ഇടതുവശത്തുള്ള വലിയൊരു ഗേറ്റു തുറന്ന് സുധാകരൻ നടന്നു. നീണ്ടുകിടക്കുന്ന മുറ്റം. ]വരൂ, ഉണ്ണിക്കുട്ടന്റെ വീട്ടിലേക്ക് സുസ്വാഗതം." ഉമ്മറത്ത് കാത്തുനില്പുണ്ട്, നന്തനാരുടെ രണ്ടാമത്തെ മകൻ ഹരി ഗോവിന്ദനും ഇളയ മകൾ തുളസിയും മറ്റും. കുട്ടൻനായർക്കൊപ്പം ഉണ്ണിക്കുട്ടൻ തുള്ളിച്ചാടിപ്പോകുന്ന തൊടിയും മുത്തച്ഛൻ വെറ്റില മുറുക്കാനിരിക്കുന്ന ഉമ്മറക്കോലായയും കാളിയമ്മ പാത്രം കഴുകുന്ന കിണറ്റിൻകരയുമെല്ലാം അതേ പോലെ.
ഉണ്ണിക്കുട്ടന്റെ ലോകത്തെ പ്രകൃതിയും വീടും ജീവിതക്രമങ്ങളും ഈ വീട്ടിലേതു തന്നെ. അരനൂറ്റാണ്ടിനു മുമ്പുള്ള കേരളീയ പ്രകൃതിയുടെയും ഗ്രാമജീവിതത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും മിഴിവാർന്ന ചിത്രം. നന്തനാരുടെ ഭാര്യ രാധ കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്. നവതി എല്ലാവരും ചേർന്ന് വിപുലമായി ആഘോഷിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്‌നേഹബന്ധത്തിന് നല്ല ഇഴയടുപ്പമായിരുന്നെന്ന് മകൻ സുധാകരൻ നന്നായി ഓർക്കുന്നുണ്ട്. പട്ടാളത്തിൽ നിന്ന് അവധിക്ക് നാട്ടിൽ വരുന്ന അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പറയുകയാണ് സുധാകരൻ: 'സ്‌നേഹം പുറത്തുകാണിക്കുന്ന പ്രകൃതമായിരുന്നില്ല. എപ്പോഴും ഗൗരവമാണ്. അതുകൊണ്ട് ഞങ്ങൾക്ക് പേടിയായിരുന്നു. സിനിമ കണ്ടോളൂ എന്നു പറഞ്ഞ് പൈസയൊക്കെ തന്നിട്ടുണ്ട്. ചിലപ്പോൾ നിർബന്ധിച്ച് ചായക്കടയിൽ കൂട്ടികൊണ്ടുപോയി പലഹാരം വാങ്ങിത്തരും. കുറച്ച് അടുപ്പമൊക്കെ ആവുമ്പോഴേക്കും അച്ഛന്റെ ലീവ് കഴിഞ്ഞിട്ടുണ്ടാവും!"
ഓർമ്മകളുടെ
എഴുത്തുമുറി
നന്തനാരുടെ എഴുത്തുമുറിയിൽ, അന്ന് ഉപയോഗിച്ചിരുന്ന ചാരുകസേര ഇപ്പോഴുമുണ്ട്. വായനയും എഴുത്തുമെല്ലാം ഇവിടെത്തന്നെ. നന്തനാർ പട്ടാളസേവനമൊക്കെ കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും ആൺകുട്ടികൾ മുതിർന്നിരുന്നു. മകൾ തുളസിയായിരുന്നു നന്തനാരുടെ കളിക്കുട്ടി! എഴുത്തിനിടയ്ക്ക് അടുത്തുചെന്നാൽ സ്നേഹത്തോടെ വാരിയെടുത്ത് മടിയിലിരുത്തുമായിരുന്നത് തുളസിക്ക് ഓർമ്മയുണ്ട്. തുളസിക്ക് ആറു വയസുള്ളപ്പോഴായിരുന്നു, അച്ഛന്റെ മരണം.
മുറിയുടെ ചുവരിൽ നന്തനാരുടെ ചിത്രവും കേരള സാഹിത്യ അക്കാഡമി അവാർഡിന്റെ സർട്ടിഫിക്കറ്റും (1963-ൽ ആത്മാവിന്റെ നോവ് എന്ന കൃതിക്ക്) ചില്ലിട്ടു വച്ചിരിക്കുന്നു. വലിയ കട്ടിലിനോടു ചേർന്ന് ഭിത്തി അലമാരയിൽ നിറയെ പുസ്തകങ്ങൾ. കോവിലനും പാറപ്പുറവും ആയിരുന്നു അക്കാലത്തെ അടുത്ത സുഹൃത്തുക്കൾ. അവർ വന്നാൽപ്പിന്നെ മുറിയിൽ ഉച്ചത്തിൽ സംസാരവും ചിരിയും നിറയും. പാറപ്പുറം വന്നാൽ രണ്ടുമൂന്നു ദിവസം താമസിച്ചിട്ടേ തിരിച്ചുപോകൂ. ഉറൂബും എസ്.കെ. പൊറ്രക്കാടും ആയിരുന്നു പ്രിയപ്പെട്ട എഴുത്തുകാർ. കഥാകാരൻ ശത്രുഘ്‌നന് തൂലികാനാമമായി ആ പേരിട്ടത് നന്തനാരാണെന്ന് സുധാകരൻ പറയുമ്പോഴാണ് അറിയുന്നത്. ഫാക്ടിൽ നന്തനാരുടെ സഹപ്രവർത്തകനായിരുന്ന ഗോവിന്ദൻകുട്ടിയാണ് നന്തനാരുടെ രസികത്തത്തിൽ ശത്രുഘ്നൻ ആയത്!
സിനിമാപ്രേമിയായിരുന്ന നന്തനാരുടെ വലിയ ആഗ്രഹമായിരുന്നു, തന്റെ ഒരു നോവൽ ചലച്ചിത്രമാവുക എന്നത്. പക്ഷേ, നന്തനാരുടെ മരണശേഷം ആ ജീവിതം തന്നെ സിനിമയായി എന്ന അപൂർവ കഥയുമുണ്ട്! സംവിധായകൻ എം.ജി.ശശി ചലച്ചിത്ര ഭാഷ്യമൊരുക്കിയ 'അടയാളങ്ങൾ", നന്തനാരുടെ ആത്മകഥാംശം ഏറെയുള്ള 'അനുഭവങ്ങൾ" എന്ന നോവൽ ആധാരമാക്കിയാണ്. നന്തനാർ പറഞ്ഞുകൊടുത്ത നോവൽ, മകൻ സുധാകരൻ കേട്ടെഴുതുകയായിരുന്നു. നോവൽ പൂർത്തിയായി, രണ്ടാഴ്ച കൂടിയേ നന്തനാർ ജീവിച്ചിരുന്നുള്ളൂ. മരണമെത്തുമ്പോൾ കഥാകാരന് നാൽപത്തിയെട്ടു വയസ്.
യാത്ര പറഞ്ഞിറങ്ങവേ, മുകൾനിലയിലെ അടച്ചിട്ട ജനാലയിലേക്ക് അറിയാതെ ഒന്നുകൂടി നോക്കിപ്പോയി. പിന്നെ, പൊടുന്നനെ പെയ്തുതുടങ്ങിയ അങ്ങാടിപ്പുറത്തെ മറ്റൊരു മഴയിലൂടെ മടക്കയാത്ര...
(ദൂരദർശൻ മുൻ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ആണ് ലേഖിക)