
വിഴിഞ്ഞം: അരനൂറ്റാണ്ടിനുശേഷം പാരലൽ കോളേജ് സഹപാഠികളുടെ ഒത്തുചേരൽ കൗതുകമായി.55 വർഷം മുൻപ് ഒരേ ക്ലാസിൽ പഠിച്ചവർ 70-ാം വയസിൽ ഒത്തുചേർന്നെങ്കിലും പഠിച്ച കലാലയം 43 വർഷം മുൻപ് ഓർമ്മയിലായി.മുക്കോലയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന നളന്ദ ട്യൂഷൻ സെന്ററിലെ 1969ലെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളാണ് വീണ്ടും ഒത്തുചേർന്നത്. ഓർമ്മയിലായ നളന്ദ സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് തന്നെ ഇവർ വീണ്ടും ഒത്തുചേർന്ന് ഓർമ്മകൾ പുതുക്കി. 55 പേരിൽ 47 പേർ ഒത്തുചേർന്ന ഒരു വട്ടം കൂടി സംഗമത്തിൽ ജീവിച്ചിരിക്കുന്ന അദ്ധ്യാപകരും മൺമറഞ്ഞ അദ്ധ്യാപകരുടെ ഭാര്യമാരും ബന്ധുക്കളുമെത്തിയ അപൂർവനിമിഷമായിരുന്നു.ഉന്നത ഉദ്യോഗങ്ങളിൽ നിന്നും വിരമിച്ചവർ മുതൽ കർഷകർ വരെ ഒത്തുകൂടലിനെത്തി. വർഷങ്ങൾക്കുശേഷം സഹപാഠികളെ കണ്ട പലരും ആദ്യം തിരിച്ചറിയാൻ പ്രയാസപ്പെട്ടെങ്കിലും പഴയ ഓർമ്മകൾ പങ്കുവച്ച് എല്ലാവരും സന്തോഷം പങ്കിട്ടു. റിട്ട.വനംവകുപ്പ് ഉദ്യോഗസ്ഥൻ കെ.ജി.മോഹൻലാൽ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. മാജിക് അക്കാഡമി മുൻ ഡയറക്ടർ ചന്ദ്രസേനൻ മുഖ്യപ്രഭാഷണം നടത്തി.ശശി ചാപ്രയിൽ,സുഭദ്ര,അമ്പിളി കുമാരി,രാജാനന്ദൻ എന്നിവരായിരുന്നു സംഘാടകർ.