തിരുവനന്തപുരം: വനംവകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി എട്ട് ആപ്ലിക്കേഷനുകളുടെയും പരിഷ്‌കരിച്ച വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും.ഇന്ന് വൈകിട്ട് 3.30ന് ഹിൽട്ടൺ ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ വനംമേധാവി ഗംഗാസിംഗ് അദ്ധ്യക്ഷത വഹിക്കും.

മനുഷ്യവന്യജീവി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷൻ,പ്രകൃതി പഠന ക്യാമ്പുകൾക്കായുള്ള നേച്ചർ സ്റ്റേ,ഷൂട്ടിംഗ് അനുമതികൾക്കുള്ള എക്കോഫ്രെയിം, വനമേഖലയിലെ ഗവേഷണത്തിനായുള്ള റീച്ച്,ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോയിലെ ഫൈലുകൾ കൈകാര്യം ചെയ്യുന്ന ഗ്രീൻ കണക്ട് എന്നീ ഓൺലൈൻ സംവിധാനങ്ങൾക്ക് പുറമെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിക്കുള്ള ടിംബർ,മനുഷ്യവന്യജീവി സംഘർഷങ്ങൾ അറിയിക്കാൻ വൈൽഡ് വാച്ച് എന്നീ സോഫ്ട്‌വെയറുകളാണ് ഉദ്ഘാടനം ചെയ്യുന്നത്.വനംവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ മുഖ്യാതിഥിയാവും.ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തും.