വെഞ്ഞാറമൂട്: റോഡരികിലെ തേനീച്ചക്കൂട്ടിൽ നിന്നും കൂട്ടത്തോടെ ഇളകിവന്ന തേനീച്ചകളുടെ ആക്രമണത്തിൽ ക്രിസ്മസ് പരീക്ഷ എഴുതാൻ പോയ രണ്ട് വിദ്യാർത്ഥികളെയുൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥികളായ ശരത്, വൈഷ്ണവ് എന്നിവർക്കും തെള്ളിക്കൽ സ്വദേശിയായ ഇന്ദിരാ (65),മുത്തിപ്പാറ സ്വദേശി രമണൻ (40 ),കുളപ്പുറം സ്വദേശി പ്രദീപ് (35),മുത്തിപ്പാറ സ്വദേശി ജയകുമാർ (45) എന്നവർക്കുമാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ശാസ്താംനട - പാലം റോഡിൽ ക്ഷീര സംഘത്തിന് സമീപത്തായിരുന്നു സംഭവം.റോഡ് വശത്തെ മൺഭിത്തിയിലുണ്ടായിരുന്ന തേനീച്ചക്കൂട് കഴിഞ്ഞദിവസം രാവിലെ പരുന്ത് വന്ന് അടിച്ച് പൊട്ടുകയായിരുന്നു.തുടർന്ന് യാത്രക്കാരെ കൂട്ടത്തോടെ തേനീച്ചകൾ കുത്താൻ തുടങ്ങി. പരീക്ഷ എഴുതാൻ നടന്നുപോയ കുട്ടികളെ തേനീച്ചകൾ കുത്തിയപ്പോൾ നിലവിളിച്ചുകൊണ്ട് 50 മീറ്റർ മാറിയുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു.കടയുടമ രജനീഷാണ് കുട്ടികളെ രക്ഷിച്ചത്.വിദ്യാർത്ഥികളെ പുല്ലമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.