തിരുവനന്തപുരം: സുരക്ഷാവലയം ഭേദിച്ച് എസ്.എഫ്.ഐക്കാർ വേദിക്ക് സമീപം പ്രതിഷേധിച്ചതോടെ, കേരളസർവകലാശാലാ സെനറ്റ്ഹാളിന്റെ വാതിലുകളും ജനലുകളും ഒരുമണിക്കൂർ പൂട്ടിയിട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാന് പൊലീസ് സംരക്ഷണമൊരുക്കി. ഒടുവിൽ സി.ആർ.പി.എഫ്, പൊലീസ് വലയത്തിലാണ് ഗവർണറെ സർവകലാശാലയ്ക്ക് പുറത്തെത്തിച്ചത്.
അന്താരാഷ്ട്ര സംസ്കൃത സെമിനാർ ഉദ്ഘാടനവേദിയിലേക്ക് രാവിലെ പതിനൊന്നരയോടെയാണ് 40 എസ്.എഫ്.ഐക്കാർ മതിൽചാടിക്കടന്നെത്തിയത്. ഡെപ്യൂട്ടി കമ്മിഷണർ ഭരത്റെഡ്ഡിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. എസ്.എഫ്.ഐക്കാർ ഹാളിൽ കടക്കുമെന്നുറപ്പായതോടെ 13 ജനലുകളും 7വാതിലുകളും പൊലീസ് അടച്ചു. ഇടതുവശത്തെ ഒരുവാതിലിന്റെ പകുതിമാത്രം അടിയന്തരസാഹചര്യം നേരിടാൻ തുറന്നിട്ടു. സെനറ്റ് ഹാളിന് മുൻവശത്തെ ഇരുമ്പു ഗ്രില്ലുകൾ താഴിട്ടുപൂട്ടി.
വാതിലുകൾക്കരികിൽ പൊലീസ് സംഘം തമ്പടിച്ചു.
ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികളും സർവകലാശാലാ ജീവനക്കാരും അദ്ധ്യാപകരുമടക്കം 1600ലേറെപ്പേർ പരിഭ്രാന്തരായി. പൊലീസ് വലയം ഭേദിച്ചെത്തിയ എസ്.എഫ്.ഐക്കാർ സെനറ്റ്ഹാളിന്റെ വലതുവശത്തെ ജനാലകളിൽ ആഞ്ഞടിച്ചു. ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. വാതിലുകൾ തുറക്കാതിരിക്കാൻ പൊലീസ് തള്ളിപ്പിടിച്ചു. ഹാളിന്റെ വരാന്തയിൽ പൊലീസും എസ്.എഫ്.ഐക്കാരുമായി ഉന്തുംതള്ളുമായി.
ഈ സമയമത്രയും ഹാളിൽ നിന്ന് പൊലീസ് ആരെയും പുറത്തുവിട്ടില്ല. പിന്നീട് എസ്.എഫ്.ഐക്കാർ പ്രകടനമായി സർവകലാശാലയുടെ മുൻഭാഗത്തേക്ക് നീങ്ങി. ഈസമയമത്രയും ഗവർണർക്കരികിലും വേദിക്ക് മുന്നിലുമായി തോക്കേന്തിയ സി.ആർ.പി.എഫുകാർ കാവൽ നിൽക്കുകയായിരുന്നു. പന്ത്രണ്ടരയോടെ സമരക്കാർ പുറത്തുപോയശേഷമാണ് വാതിലുകളും ജനലുകളും തുറന്നത്.
എസ്.എഫ്.ഐ നേതാക്കളായ സിജോ, അനുശ്രീ, അഫ്സൽ, ആദർശ് അടക്കം 100 പേർക്കെതിരേ പൊലീസ് കേസെടുത്തു. സഞ്ചാരം തടഞ്ഞതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനുമാണ് കേസ്. പിന്നീട് നാലുപേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രണ്ടുപേർക്ക് നോട്ടീസ് നൽകി.
പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് സിറ്റിപൊലീസ് കമ്മിഷണറോട് ചോദിക്കണം. പ്രതിഷേധിക്കാൻ കാരണം അവരുടെ നിരാശയാണ്
-ആരിഫ് മുഹമ്മദ്ഖാൻ, ഗവർണർ