2010 കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൻ റിഗാർഡ് പുരസ്‌കാരം ലഭിച്ച ഹോങ് സാങ്സൂ സംവിധാനം ചെയ്ത ഹഹഹയുടെ രണ്ടാം പ്രദർശനം ഇന്ന് വൈകിട്ട് 3.30ന് ഏരീസ് പ്ലെക്സ് സ്‌ക്രീൻ 1ൽ നടക്കും.കണ്ടംപററി ഫിലിംമേക്കർ ഇൻ ഫോക്കസ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.സംവിധായകൻ ഹോങ് സാങ്സൂവിന്റെ പത്താമത്തെ ചിത്രമാണിത്. ഒന്നിച്ചു നേരിട്ട അനുഭവങ്ങളെ വ്യക്തികൾ എങ്ങനെ വ്യത്യസ്തമായി കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നുവെന്ന് ഹോങ് സാങ്സൂവിന്റെ ഹഹഹ കാണിച്ചു തരുന്നു. ലോകസിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയ ദക്ഷിണ കൊറിയൻ സംവിധായകനാണ് ഹോങ് സാങ്സൂ. ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ആഖ്യാനങ്ങൾക്കും പേരുകേട്ട ഹോങ് സാങ്സൂ, നർമ്മം, വിഷാദം, ദാർശനിക അന്വേഷണങ്ങൾ എന്നിവയുടെ സമന്വയത്തോടെ മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതകൾ പകർത്തുന്നു.