തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടാനശല്യവും മറ്റു വന്യജീവി പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോതമംഗലത്ത് കുട്ടമ്പുഴയ്ക്കു സമീപം എൽദോസ് വർഗീസിനാണ് ഏറ്റവുമൊടുവിൽ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. സംസ്ഥാനത്ത് അടുത്തകാലത്തായി ആയിരക്കണക്കിന് വന്യജീവി ആക്രമണം നടന്നു. കർഷകർക്ക് വൻ കൃഷിനാശമുണ്ടാകുന്നു. ഇതിനെ പ്രതിരോധിക്കാൻ കർഷകർക്ക് കഴിയുന്നുമില്ല. കേരള വനംഭേദഗതി ബില്ലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വൻ അധികാരങ്ങളാണ് നൽകുന്നത്. സർക്കാർ കയ്യുംകെട്ടി നോക്കിനിൽക്കുന്ന അവസ്ഥ മാറണമെന്നും ചെന്നിത്തല പറഞ്ഞു.