
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്നലെ രാവിലെ പതിനൊന്നരമുതൽ ഒരു മണിക്കൂർ നാടകീയ രംഗങ്ങളായിരുന്നു. സംസ്കൃത സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർക്കു നേരേ എസ്.എഫ്.ഐ പ്രതിഷേധം മുന്നിൽക്കണ്ട് പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ജലപീരങ്കി ഉൾപ്പെടെ വിന്യസിച്ചു. കർശന പരിശോധനയ്ക്കു ശേഷമാണ് സെനറ്റ്ഹാളിലേക്ക് ആളുകളെ കടത്തിവിട്ടത്. ഹാളിലും വൻ പൊലീസ് സന്നാഹമായിരുന്നു.
ഹാളിന്റെ വാതിലുകളും ജനലുകളും പൊലീസ് അടച്ചുപൂട്ടിയത് പരിഭ്രാന്തിയുണ്ടാക്കി. ഈ സമയം ഗവർണറും വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലുമടക്കം വേദിയിലുണ്ടായിരുന്നു. മുൻവശത്തെ വാതിൽ പൂട്ടി ഡി.സി.പി ഭരത്റെഡ്ഡി അവിടെ നിലയുറപ്പിച്ചു. ഹാളിന്റെ ഓരോ നിരയിലുമുള്ളവരെ നിരീക്ഷിക്കാൻ പൊലീസും സ്പെഷ്യൽബ്രാഞ്ചുദ്യോഗസ്ഥരുമുണ്ടായിരുന്നു. വനിതാപൊലീസിനെയും വിന്യസിച്ചു.
അടച്ചിട്ടതോടെ ഹാളിൽ കൊടുംചൂടായി. ഒരാളെയും ഹാളിന് പുറത്തുവിട്ടില്ല. ഗവർണർ പ്രസംഗിച്ചപ്പോഴും വാതിലുകളും ജനലുകളും തുറന്നില്ല. ചടങ്ങ് പൂർത്തിയായപ്പോഴാണ് തുറന്നത്. അപ്പോഴേക്കും സമരക്കാർ പ്രകടനമായി സർവകലാശാലയ്ക്ക് പുറത്തേക്ക് പോയിരുന്നു.
ഇടതു സിൻഡിക്കേറ്റംഗങ്ങളും ഇടത് അനുകൂല ജീവനക്കാരും ഉൾപ്പെടെ ഗവർണറുടെ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഗവർണർ മാദ്ധ്യമപ്രവർത്തകരോട് ഒന്നും പറയാതെ കൈകൂപ്പി കാറിൽകയറി. അമ്പതു മീറ്റർ അകലെ കാർ നിറുത്തി പുറത്തിറങ്ങിയ അദ്ദേഹം സമരക്കാരെ അറസ്റ്ര് ചെയ്യാത്തതിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ചു. ഗവർണറുടെ വാഹനം കടന്നുപോകുന്ന വഴിയിൽ പൊലീസ് വലയം തീർത്തു. അസി.കമ്മിഷണർമാരായ ഷീൻതറയിൽ, സ്റ്റുവർട്ട് കീലർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് വിന്യാസം.
സംഘർഷത്തിനിടെ
ഗേറ്റുചാടി അകത്തേക്ക്
സർവകലാശാലകളിൽ കാവിവത്കരണം നടത്തുന്നെന്നാരോപിച്ചായിരുന്നു ഗവർണർക്കെതിരായ പ്രതിഷേധം. പതിനൊന്നരയോടെ ഗവർണർ സർവകലാശാലാ ആസ്ഥാനത്തെത്തിയപ്പോൾ പൊലീസ് ഗേറ്റുകളെല്ലാം അടച്ച് സുരക്ഷയൊരുക്കി. ലൈബ്രറിക്കടുത്തു നിന്ന് നൂറോളം എസ്.എഫ്.ഐക്കാർ പ്രകടനമായെത്തി. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ, ജില്ലാ പ്രസിഡന്റ് അഫ്സൽ, സെക്രട്ടറി ആദർശ് എന്നിവർ നേതൃത്വം നൽകി. പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും സംഘർഷവുമായി. രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെയാണ് ഗേറ്റ് ചാടിക്കടന്ന് ഒരുസംഘം സെനറ്റ് ഹാളിനടുത്തെത്തിയത്.
സമരം തുടരും:
എസ്.എഫ്.ഐ
ഗവർണക്കെതിരേ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സർവകലാശാലാ യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാൻ അനുവദിക്കുന്നില്ല. ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. വൈസ്ചാൻസലറും ഇതിന് കൂട്ടുനിൽക്കുന്നു.