തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത ആവശ്യങ്ങൾ അവതരിപ്പിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ഡൽഹിയിൽ നേരിട്ടു കണ്ടെങ്കിലും കാര്യങ്ങൾ കേൾക്കാനുള്ള സാമാന്യ മര്യാദപോലും കാട്ടിയില്ലെന്ന് മന്ത്രി കെ.ബി ഗണേശ്‌കുമാർ. പൊതുപ്രവർത്തകനും മന്ത്രിയുമെന്ന നിലയിൽ വലിയ അവഗണനയാണുണ്ടായത്. വലിഞ്ഞുകയറി ചെന്നതല്ല. കാണാൻ അനുമതി തേടിയിട്ടാണ് എത്തിയത്. ഇരിക്കാൻ കസേരകിട്ടിയത് ഭാഗ്യം. മോശം സമീപനമുണ്ടായപ്പോൾ പെട്ടെന്ന് സ്ഥലം വിട്ടെന്ന് ഉന്നത തലയോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടേതടക്കം ആറ് നിവേദനങ്ങളാണ് നൽകിയത്. അത് തുറന്നുനോക്കാതെതന്നെ 'നോ' പറയുകയായിരുന്നു. പറയാനുള്ളത് കേട്ടിട്ട് നിഷേധിക്കാം. പറയുംമുമ്പേ നിഷേധിക്കുന്നത് ശരിയല്ല. 'ഇങ്ങോട്ടേക്ക് വരേണ്ടെന്ന്' അനുമതി ചോദിച്ചപ്പോൾ തന്നെ പറഞ്ഞാൽ മതിയായിരുന്നു. മധുരം വിളമ്പിയിട്ട് കാര്യമില്ല. പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള സമാന്യമര്യാദവേണം. മന്ത്രിയെന്ന നിലയിൽ വാജ്‌പേയി സർക്കാറിന്റെ കാലത്തും ഡൽഹിയിൽ പോയിട്ടുണ്ട്. മാന്യമായ പരിഗണനയും സമീപനവുമാണ് ലഭിച്ചത്. 'ഇങ്ങോട്ട് വരേണ്ട, ഒന്നും തരില്ല' എന്നതാണ് ഇപ്പോഴത്തെ സമീപനം. സുഹൃത്തായ സുരേഷ് ഗോപിയോട് വിഷയം പറഞ്ഞല്ലേ എന്ന ചോദ്യത്തിന്, അദ്ദേഹം പറഞ്ഞിട്ടുതന്നെ കേൾക്കുന്നില്ല, പിന്നെയല്ലേ നമ്മൾ എന്നായിരുന്നു മറുപടി.
വയനാടിനുള്ള കേന്ദ്രസഹായത്തിന് സമരം ചെയ്യേണ്ട സ്ഥിതിയാണെന്നും പ്രധാനമന്ത്രി വന്ന് ഫോട്ടോഷൂട്ട് നടത്തിയ ഇനത്തിൽ ഫോട്ടോഗ്രാഫർക്കുള്ള പണം കൂടി കൊടുക്കേണ്ടി വരുമോ എന്നാണ് പേടിയെന്നും ഗണേശ് കുമാർ പറഞ്ഞു. പ്രധാനമന്ത്രി വന്ന് വാത്സല്യത്തോടെ തലോടിയ കുഞ്ഞുങ്ങളെങ്കിലും സഹായം പ്രതീക്ഷിക്കല്ലേ എന്നും ചോദിച്ചു