തിരുവനന്തപുരം: ഡിസംബർ 23ന് സംസ്ഥാനത്ത് 1070 കുടുംബശ്രീ സി.ഡി.എസുകളിലും ജെൻഡർ കാർണിവൽ സംഘടിപ്പിക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ നവംബർ 25 മുതൽ ഡിസംബർ 23 വരെ ഇന്ത്യയൊട്ടാകെ സംഘടിപ്പിച്ചു വരുന്ന 'നയി ചേതന' ദേശീയ ജെൻഡർ ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണിത്. 'സ്ത്രീധനവും സ്ത്രീകളുടെ അവകാശവും' എന്ന വിഷയത്തിൽ ഓപ്പൺ ഫോറത്തോടു കൂടിയാകും ഓരോ സി.ഡി.എസിലും കാർണിവൽ ആരംഭിക്കുക. ജെൻഡർ ചാമ്പ്യൻമാരെ ആദരിക്കൽ, പോഷകാഹാര ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറും.
കുടുംബശ്രീ അയൽക്കൂട്ടം,ഓക്സിലറി ഗ്രൂപ്പ്,ബാലസഭാംഗങ്ങൾ എന്നിവർക്കു പുറമേ, ജനപ്രതിനിധികൾ,വിവിധ മേഖലകളിലെ വിദഗ്ധർ,സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പു വരുത്തും.ജെൻഡർ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ നവംബർ 25 മുതൽ ഡിസംബർ 23 വരെ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന ദേശീയതല ക്യാമ്പയിനാണ് 'നയി ചേതന'. കഴിഞ്ഞ രണ്ടു വർഷവും 'നയി ചേതന'. ക്യാമ്പെയിനിൽ ദേശീയതലത്തിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു. ഈ വർഷവും അയൽക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്, ജില്ലാതലങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ പൂർത്തിയാകുമ്പോൾ 46 ലക്ഷം കുടുംബശ്രീ അംഗങ്ങൾ അതിന്റെ ഭാഗമാകും.