
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യങ്ങൾ പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളും. അദ്ധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പി.എസ്.സി ലിസ്റ്റുകൾ നിലവിലുണ്ട്. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പി.ടി.എ അധികൃതരോട് മന്ത്രി അഭ്യർത്ഥിച്ചു. പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ വന്നതിനെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂർ തുമ്പൂർ സഹ. ബാങ്കിൽ
തിരഞ്ഞെടുപ്പിന് ഉത്തരവ്
കൊച്ചി: അഞ്ചര വർഷമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള തൃശൂർ തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സഹകരണനിയമം പാലിച്ച് ഒരാഴ്ചയ്ക്കകം പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
പുതിയ സമിതിയുടെ നേതൃത്വത്തിൽ രണ്ടു മാസത്തിനകം എല്ലാ അംഗങ്ങൾക്കും ഇലക്ട്രോണിക് ഐഡന്റി കാർഡ് നൽകണം. തുടർന്നുള്ള 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. ബാങ്ക് മുൻ പ്രസിഡന്റ് ജോണി കാച്ചപ്പിള്ളിയടക്കം നൽകിയ ഹർജിയിലാണ് നടപടി. ഹർജിക്കാർക്കു വേണ്ടി അഡ്വ.ജോർജ് പൂന്തോട്ടം ഹാജരായി.