തിരുവനന്തപുരം: നാലു വിദ്യാർത്ഥിനികളുടെ ജീവനപഹരിച്ച അപകടം നടന്ന പാലക്കാട് പനയപ്പാടത്തെ അപകടവളവ് സുരക്ഷിതമാക്കാൻ ഒരുകോടി രൂപയിലധികം ചെലവിട്ടുള്ള നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ.ബി ഗണേശ്കുമാർ ഉന്നതലയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ റിഫ്ളക്ടർ ഘടിപ്പിച്ച ചെറിയ കട്ടകൾ റോഡിന്റെ പ്രതലത്തിൽ സ്ഥാപിക്കും. സ്ഥിരം ഡിവൈഡർ നിർമ്മിക്കും. അപകടമുണ്ടാക്കുന്ന ജംഗ്ഷനിലെ ബസ് ബേ മാറ്റും. വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കും. റോഡിന്റെ വശങ്ങൾ ഉയർത്തി ടാറിട്ട പ്രതലത്തിന് സമാനമാക്കും. സംരക്ഷണ ഭിത്തികെട്ടി സുരക്ഷിതമായി നടന്നുപോകാൻ ക്രമീകരണം ഒരുക്കും.
റോഡിലെ ട്രാഫിക് ലൈനുകളും ബോർഡുകളും മോട്ടോർവാഹനവകുപ്പ് നവീകരിക്കും.
നിർമ്മാണ പ്രവൃത്തികളുടെ രൂപരേഖ ഒരാഴ്ചയ്ക്കുള്ളിൽ പൊതുമരാമത്ത് വകുപ്പ് ഹൈവേ അതോറിട്ടി ഡയറക്ടർക്ക് കൈമാറും. 1.35 കോടി രൂപ ഉടൻ അനുവദിക്കാമെന്ന് ഹൈവേ വിഭാഗം അറിയിച്ചിട്ടുണ്ട്. ഊരാളുങ്കൽ സർവീസ് സൊസൈറ്റി നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കും. കരാർ നൽകുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് പരിപാലന ചുമതലയുള്ള ഊരാളുങ്കലിനെ പദ്ധതി ഏല്പിക്കുന്നത്.
പാലക്കാട് ഐ.ഐ.ടിയും ഗ്രാമപഞ്ചായത്തും നിർദേശിച്ച പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കും. അപകടവളവിന്റെ സൂചന ഡ്രൈവർമാർക്ക് നൽകാൻ റോഡ് സേഫ്ടി അതോറിട്ടി ഫ്ളാഷ് ലൈറ്റ് സ്ഥാപിക്കും. മുണ്ടൂർ ജംഗ്ഷനും മറ്റൊരു ബ്ലാക്ക് സ്‌പോട്ടാണ്. അപകടവിമുക്തമാക്കാൻ മോട്ടോർവാഹനവകുപ്പ് നൽകിയ നിർദേശങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ നടപ്പാക്കും. മുന്നറിയിപ്പ് നൽകാൻ ആധുനിക ഫ്ളാഷ് ലൈറ്റ് സ്ഥാപിക്കും. പാലക്കാടിനും കോഴിക്കോടിനും ഇടയ്ക്ക് 16 ബ്ലാക്ക് സ്‌പോട്ടുകളുണ്ട്. കൂടുതലും രാമനാട്ടുകര ഭാഗത്താണ്. അത് പരിഹരിക്കാൻ എൻ.എച്ച് വിഭാഗം നടപടി എടുക്കും. ബ്ലാക്ക് സ്‌പോട്ടുകളെല്ലാം ഉടനെ സുരക്ഷിതമാക്കാനാകില്ലെന്നും വാഹന പരിശോധന ഈ മേഖലകളിൽ കടുപ്പിച്ച് അപകടസാധ്യത കുറയ്ക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച് നാഗരാജു, അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ, എന്നിവർക്ക് പുറമെ ദേശീയപാതാവിഭാഗം, പൊതുമരാമത്ത്, മോട്ടോർവാഹനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു