തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. അതേസമയം ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ, അഡി. ചീഫ്സെക്രട്ടറി ഡോ. എ.ജയതിലക് എന്നിവരെത്തി. രാജ്ഭവൻ മുറ്റത്ത് പന്തലിട്ടായിരുന്നു ക്രിസ്മസ് വിരുന്ന്. 400 പേരെയാണ് ക്ഷണിച്ചിരുന്നത്. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമുദായിക സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗവർണർ കേക്ക് മുറിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു.

ഹാരിസ് ബീരാൻ എം. പി, ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ.വി. തോമസ്, ചാണ്ടി ഉമ്മൻ എം.എൽ.എ, മുഖ്യ വിവരാവകാശ കമ്മിഷണർ വി. ഹരി നായർ, മുൻ അംബാസഡർ ടി. പി. ശ്രീനിവാസൻ, പാളയം ഇമാം ഷുഹൈബ് മൗലവി, ലത്തീൻ കത്തോലിക്ക അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ, കുസാറ്റ് വി.സി ഡോ എം. ജുനൈദ് ബുഷറി, എം.ജി വൈസ് ചാൻസലർ സി. ടി. അരവിന്ദ്കുമാർ, സാങ്കേതിക സർവകലാശാല വി.സി ഡോ. കെ. ശിവപ്രസാദ്, ഓപ്പൺ സർവകലാശാലാ വി.സി ഡോ. ജഗതി രാജ്, ഡിജിറ്റൽ സർവകലാശാലാ വി.സി സിസാതോമസ്, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, വ്യവസായി സൗത്ത്പാർക്ക് മോഹൻദാസ്, ഭാര്യ റാണി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.