high-court

തിരുവനന്തപുരം : സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ച ഫ്ളക്‌സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ഹൈക്കോടതി തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. നാളെ സർക്കാർ കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും. എല്ലാ ജില്ലകളിലും വ്യാപകമായി തദ്ദേശസ്ഥാപനങ്ങൾ ഇവ നീക്കം ചെയ്തന്നാണ് തദ്ദേശവകുപ്പിന്റെ വിലയിരുത്തൽ. ഏറ്റവും കൂടുതൽ സമരങ്ങൾ നടക്കുന്നതും ഫ്ലക്‌സ് ബോർഡുകൾ ഉയരുന്നതുമായ തലസ്ഥാനത്ത് നിന്ന് 10ദിവസത്തിനിടെ 3700 ബോർഡുകളാണ് കോർപറേഷൻ നീക്കം ചെയ്തത്. 15ലക്ഷം രൂപ പിഴയും ചുമത്തി.24 എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. കൊച്ചി,കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലും സമാനമായ രീതിയിൽ നടപടി പുരോഗമിക്കുകയാണ്.

ബോർഡുകൾ അടിയന്തരമായി നീക്കംചെയ്യണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച നിലപാട് കടുപ്പിച്ചതോടെ ശനിയാഴ്ച മുതൽ രാത്രിയും പകലും സ്‌ക്വാഡുകൾ രംഗത്തുണ്ട്. നീക്കം ചെയ്യാത്തപക്ഷം ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽ പോസ്റ്ററുകൾ, ബനറുകൾ, ബോർഡുകൾ, കൊടികൾ ഒന്നിന് 5000രൂപ നിരക്കിൽ പിഴ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പും ഉത്തരവിറക്കിയിരുന്നു. കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിയും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അറിയിക്കും. നേരത്തെയും കോടതി ഇടപെടലുകൾ ഉണ്ടാകുമ്പോൾ ബോർഡുകൾ മാറ്റുകയും പിന്നാലെ എല്ലാം പഴയ പടിയാകുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു.