
കല്ലിന് കാറ്റുപിടിക്കും പോലൊരു സർക്കാർ, എന്തെല്ലാം സംഭവിച്ചാലും ഒരു കുലുക്കവുമില്ല. നവകേരള യാത്ര, കരുതലും കൈത്താങ്ങും, എന്നും ജനങ്ങൾക്കൊപ്പം തുടങ്ങി ഓമനത്തമുള്ള പേരുകളിൽ കുറെ പരിപാടികൾ സംഘടിപ്പിക്കുക, പൊതു ഖജനാവിൽ നിന്ന് യഥേഷ്ടം പണം വാരിക്കോരി ചെലവഴിക്കുക ഇതെല്ലാമാണ് തകൃതിയായി നടക്കുന്ന കലാപരിപാടികൾ. വയനാട്ടിൽ വഴിയാധാരമായ ജനങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തെ തലയിൽ കൈവച്ചു പ്രാകുന്നതല്ലാതെ ക്രിയാത്മകമായി ഒരു കാര്യവും മുന്നോട്ടു പോകുന്നില്ല. 100 വീടുകൾ നിർമ്മിച്ച് നൽകാൻ സന്മസ് കാട്ടിയ കർണാടക സർക്കാർ ഒടുവിൽ കാലുപിടിക്കേണ്ടി വന്നു, അവരുടെ കത്തിന് ഒരു മറുപടി കിട്ടാൻ. സഹായഹസ്തം നീട്ടി നിരവധി സംഘടനകളും വ്യക്തികളും നിൽപ്പുണ്ടെങ്കിലും സർക്കാർ എന്തെങ്കിലുമൊന്നു മൊഴിഞ്ഞെങ്കിലല്ലെ അവർക്കെന്തെങ്കിലും ചെയ്യാനാവൂ!
മനുഷ്യമനഃസാക്ഷിയെ ഇപ്പോൾ ഏറെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്രൊരു സംഗതി വന്യജീവി ആക്രമണത്തിൽ നഷ്ടമാവുന്ന ജീവനുകളാണ്. ഏറ്റവുമൊടുവിൽ കോതമംഗലത്താണ് ദുരന്തം സംഭവിച്ചത്. കുട്ടമ്പുഴയ്ക്ക് സമീപം എൽദോസ് വർഗീസ് എന്ന സാധുമനുഷ്യനെയാണ് ആന ചവിട്ടി കൊലപ്പെടുത്തിയത്. ഇത് ഒറ്രപ്പെട്ട സംഭവമല്ല. 2016 മുതൽ 2024 ജൂൺ വരെ സർക്കാരിന്റെ കീശയിലുള്ള കണക്കുകൾ പ്രകാരം 968 മനുഷ്യ ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ നഷ്ടമായത്. ഇതിൽ നല്ലൊരു പങ്ക് ആളുകളും കുടുംബത്തിന്റെ നെടുംതൂണുകളായിരുന്നു. ദുരന്തം സംഭവിക്കുമ്പോൾ മന്ത്രിമാരോ എം.എൽ.എമാരോ മറ്റ് ജനപ്രതിനിധികളോ ഒക്കെ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചതുകൊണ്ടോ നഷ്ടപരിഹാരം നൽകിയതുകൊണ്ടോ ചാനൽ ക്യാമറകൾക്ക് മുന്നിൽ വിടുവാ വിട്ടതുകൊണ്ടോ ഓരോ കുടുംബത്തിനുമുണ്ടാവുന്ന യഥാർത്ഥ നഷ്ടം പരിഹരിക്കപ്പെടുന്നില്ലല്ലോ. വനാതിർത്തികളിൽ ആയിരണക്കണക്കിന് ആൾക്കാരാണ് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. കാർഷിക വൃത്തിയിലൂടെ കഴിയുന്ന ഇവർക്ക് എപ്പോഴും വീടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കാനാവില്ലല്ലോ. അതുപോലെ തന്നെ ആദിവാസി വിഭാഗങ്ങൾ. കാടിന്റെ ഓരോ ചലനവും വന്യജീവികളുടെ സാന്നിദ്ധ്യവും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി മുൻകൂട്ടി അറിയാൻ ഇവർക്ക് സാധിക്കുമെന്നത് സത്യമാണെങ്കിലും വന്യജീവികളുടെ സ്വഭാവത്തിലും വനത്തിലെ വിഭവ ലഭ്യതയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ കാണാതിരുന്നു കൂട. അതുകൊണ്ട് തന്നെ വന്യജീവികളുടെ ഇപ്പോഴത്തെ രീതികൾ പ്രവചനാതീതമാവുകയാണ്. ഈ യാഥാർത്ഥ്യങ്ങൾ മനസിലാക്കി വേണ്ടത്ര പ്രതിരോധമാർഗങ്ങളും മുൻകരുതലുകളും സ്വീകരിക്കുകയല്ലാതെ വേറെ പോംവഴിയില്ല. ഇതെല്ലാം ചെയ്യേണ്ടത് സർക്കാരല്ലേ? മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയ 48.85 കോടി രൂപയിൽ ആകെ അനുവദിച്ചത് 21.82 കോടി മാത്രം. വന്യജീവി ആക്രമണം തുടർച്ചയാകുമ്പോഴാണ് സർക്കാരിന്റെ ഈ മെല്ലെപ്പോക്ക്.
ഒച്ചിഴയും വേഗത്തിൽ
നടപടികൾ
വന്യജീവി ഭീഷണി സർക്കാർ അർഹിക്കുന്ന ഗൗരവത്തിൽ എടുത്തിട്ടില്ലെന്നതിന് ഇതിലും വലിയ തെളിവ് വേണ്ടല്ലോ. താൻ മന്ത്രിയാണെന്ന് അറിഞ്ഞിട്ടാണോ ആനകൾ കാടിറങ്ങുന്നതെന്ന് ചോദിക്കുന്ന ഒരു മന്ത്രി വനംവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ, ഇതല്ല ഇതിനപ്പുറവും അനുഭവിക്കേണ്ടി വരും. പക്ഷെ കാര്യമിതൊക്കെയാണെങ്കിലും നിയമസഭ സമ്മേളനത്തിൽ നടത്തുന്ന തള്ളിന് തെല്ലുമില്ല കുറവ്. അവിടെ പറയുന്നത് കേട്ടാൽ ജീവനിൽ കൊതിയുള്ള ഒറ്ര വന്യജീവിയും നാട്ടിലേക്കിറങ്ങില്ലെന്ന് തോന്നും. അത്രഭീകരവും ഭയാനകവുമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. നിയമസഭയിലെ തള്ളുകളിൽ ചിലത് ഇങ്ങനെ.'സംസ്ഥാനത്ത് വനമേഖലയോടു ചേർന്നു കിടക്കുന്ന ജനവാസമേഖലകളിൽ വന്യമൃഗങ്ങൾ കടന്നുകയറി കൃഷിക്കും ജീവനും ഭീഷണിയുണ്ടാക്കുന്നത് തടയാൻ വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ സൗരോർജ്ജ വേലികൾ, സൗരോർജ്ജ തൂക്കുവേലികൾ, കിടങ്ങുകൾ, സംരക്ഷണ ഭിത്തികൾ, റെയിൽ ഫെൻസിംഗ് മുതലായവ നിർമ്മിച്ചിട്ടുണ്ട് (ഇനി വന്യജീവികളുടെ കളി ഒന്നു കാണണം). ജനവാസമേഖലകളിൽ ഇറങ്ങുന്ന ആനകളെ സുരക്ഷിതമായി വനത്തിലേക്കു തന്നെ തുരത്തുന്നതിന് പരിശീലനം ലഭിച്ച കുംകി ആനകളെ ഉപയോഗിച്ചു വരുന്നു (ചില കുംകി ആനകൾ നാണം കുണുങ്ങികളായതിനാൽ ഉദ്ദേശിച്ച പ്രയോജനം കിട്ടുന്നില്ല). വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പൊതുജനങ്ങളെ മുൻകൂറായി അറിയിക്കാൻ എസ്.എം.എസ്. അലർട്ട് സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട്. വനാതിർത്തികളിൽ ജനജാഗ്രതാ സമിതികൾ രൂപീകരിച്ച് തദ്ദേശവാസികളുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.'
ഇതുകൊണ്ടും തീരുന്നില്ല തള്ള്, മനുഷ്യ വന്യമൃഗ സംഘർഷം കൂടുതലായുള്ള മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടക്കുന്നത് തടയുന്നതിന് നിരന്തര പട്രോളിംഗ് നടത്തിയും പരിശീലനം ലഭിച്ച ജീവനക്കാരേയും ആർ.ആർ.റ്റി. വാച്ചർമാരേയും ഇ.ഡി.സി. അംഗങ്ങളേയും വിന്യസിച്ചും സുരക്ഷിതത്വം ഉറപ്പാക്കി വരുന്നു (വന്യമൃഗങ്ങളെ ഇങ്ങനെ പേടിപ്പിക്കരുത്). കൂടാതെ, താത്ക്കാലിക ആർ.ആർ.റ്റി . വിഭാഗത്തിന്റെ സേവനം കിട്ടുന്നുണ്ട്. കൂടുതൽ പ്രദേശത്തേക്ക് പ്രതിരോധ മാർഗങ്ങൾ വ്യാപിപ്പിക്കുന്നതിനും വന്യജീവികൾ കാടിനു വെളിയിലേക്ക് വരാത്ത വിധം അവയ്ക്കു ഹിതകരമായ രീതിയിൽ കാട്ടിലെ ആവാസ വ്യവസ്ഥ പരിപാലിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാനായി നിലവിലുള്ള കുളങ്ങൾ, ചെക്ക്ഡാമുകൾ എന്നവയിലെ
ചെളി നീക്കം ചെയ്തും ആവശ്യമായ സ്ഥാനങ്ങളിൽ പുതിയവ നിർമ്മിച്ചും പരിപാലിച്ചും വരുന്നുണ്ട്.'ഗീർവാണം ഇതുകൊണ്ടും തീരുന്നില്ല, കാളമൂത്രം പോലെ അങ്ങനെ നീണ്ടുപോവുകയാണ്. സെറ്റപ്പിനൊന്നും ഒരു കുറവുമില്ല, പക്ഷെ പുറത്തിറങ്ങിയാൽ ആനയോ കടുവയോ പുലിയോ പിടികൂടുമെന്ന് മാത്രം. കാട്ടുപന്നിയാണെങ്കിൽ കൃഷിയിടങ്ങൾ വിട്ട് ഇപ്പോൾ നഗരം ചുറ്റാനിറങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ അടൂർ ടൗണിലായിരുന്നു ഇവയുടെ വിഹാരം. വന്യജീവികളുടെ നഗരം കാണിക്കലും ഇനി സർക്കാർ പരിപാടിയായി മാറുമോ എന്നതാണ് അറിയേണ്ടത്.
തോമസ് കെ. തോമസ് പേടിയിൽ മന്ത്രിക്കസേര നഷ്ടപ്പെടാതിരിക്കാൻ അള്ളിപ്പിടിച്ചിരിക്കുന്ന മന്ത്രിക്ക് സ്വന്തം കസേരയെക്കുറിച്ചുള്ള ആശങ്കയ്ക്കിടയിൽ വന്യജീവി ശല്യത്തെക്കുറിച്ച് ചിന്തിക്കാൻ അല്പ സമയം കിട്ടേണ്ടെ. കൺട്രി ഫെലോസ്. ഇതിനിടയ്ക്കാണ് വനനിയമഭേദഗതിയുമായുള്ള വരവ്. വെളുക്കാൻ തേയ്ക്കുന്നത് പാണ്ടാവുന്ന മട്ടിലേക്കാണ് നിയമഭേദഗതിയുടെ പോക്കെന്ന് സംശയിച്ചാൽ തെറ്റുപറയാനാവില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന അധികാരങ്ങൾ അല്പം കൂടിപ്പോവുമെന്നാണ് രാഷ്ട്രീയമേഖലയിലെ സംസാരം. ദേശീയപാതയിലെ അപകടങ്ങൾ കുറയ്ക്കാൻ കൊണ്ടുവന്ന ഹൈവേ പൊലീസ്, പെറ്രിപിടുത്തക്കാരായും പിരിവുകാരായും അധഃപ്പതിച്ച് പൊലീസിന് പേരുദോഷം വരുത്തിയ പഴയകാല അനുഭവം നമുക്ക് മുന്നിലുണ്ട്. ആരുടെ വീട്ടിലും സെർച്ച് വാറണ്ടില്ലാതെ പരിശോധന നടത്താൻ നൽകുന്ന അനുമതി, വനവിഭവങ്ങൾ ശേഖരിച്ച് നിത്യവൃത്തി നടത്തുന്ന ആദിവാസികൾക്ക് കുരുക്കാവുമോ എന്നത് കണ്ടറിയണം. ഇതിന് പുറമെ പിഴത്തുക അഞ്ചിരട്ടിയാക്കി വർദ്ധിപ്പിച്ചതും അത്ര ഗുണകരമായി പറയാനാവില്ല.
ഇതു കൂടി കേൾക്കണേ
വനമേഖലയിലുള്ള പാവപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനുള്ള ഫലപ്രദമായ നടപടികൾ ആദ്യം സ്വീകരിക്കണം. കേന്ദ്രത്തിന്റെ ഫണ്ടു വന്നെങ്കിലേ തങ്ങൾ നിവർന്നിരിക്കൂ എന്ന നിലപാട് ആദ്യം മാറ്രണം. എന്നിട്ട് പോരേ, നിയമഭേദഗതിയും മറ്റും.