നമ്മുടെ സ്വന്തം ചലച്ചിത്ര മേളയ്ക്ക് നാളെ സമാപനമാകും. മികച്ച ചിത്രം ഏതെന്നറിയാൻ ഒരുദിവസത്തെ കാത്തിരിപ്പുണ്ട്. നാളെ വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായിക പായൽ കപാഡിയയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും.ആറാം ദിനമായ ഇന്നലെയും തിയേറ്ററുകൾ സജീവമായിരുന്നു. വിട്ടുപോയ സിനിമകൾ കാണുന്ന തിരക്കിലായിരുന്നു ഡെലിഗേറ്റുകൾ. ഇന്നലെ 67 സിനിമകളാണ് പ്രദർശിപ്പിച്ചത്. കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻപ്രീ നേടിയ പായൽ കപാഡിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ടാഗോർ തിയേറ്ററിലെ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. സമൂഹത്തിന്റെ സ്ത്രീ സൗന്ദര്യസങ്കൽപ്പങ്ങൾ പ്രമേയമായ ദ സബ്സ്റ്റൻസിന്റെ മൂന്നാം പ്രദർശനത്തിനും കാണികൾ ഏറെയുണ്ടായിരുന്നു.ഏഴാം ദിവസമായ ഇന്ന് രാഹുൽ സദാശിവന്റെ ഭ്രമയുഗം, ദീപ മേത്തയുടെ ഫയർ, മാർക്കോസ് ലോയ്സയുടെ അവെർനോ, അക്കിനേനി കുടുമ്പ റാവുവിന്റെ ഒക്ക മാഞ്ചി പ്രേമകഥ എന്നിവയുടെ മേളയിലെ ഏക പ്രദർശനം നടക്കും.