നെയ്യാറ്റിൻകര: ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ ഭാഗം തെളിവെടുപ്പ് വിസ്താരം പൂർത്തിയായി. കഷായത്തിൽ കളനാശിനി കലർത്തി തന്ത്രത്തിൽ കുടിപ്പിച്ച് കാമുകനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്കും രണ്ടാംപ്രതി സിന്ധുവിനും മൂന്നാംപ്രതി നിർമ്മലകുമാരൻ നായർക്കും എതിരെയുള്ള പ്രോസിക്യൂഷൻ തെളിവെടുപ്പാണ് കോടതിയിൽ ഇന്നലെ പൂർത്തിയായത്. പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. 323 രേഖകളും 51 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചു. ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയാണ് നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് ജഡ്ജ് എ.എം.ബഷീർ മുമ്പാകെ തെളിവുകൾ ഹാജരാക്കിയത്.

ഷാരോൺ രാജിന്റെ സഹോദരനും മാതാപിതാക്കളും അയൽവാസികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ഗ്രീഷ്മ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയും ഷാരോൺരാജ് മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മരണമൊഴിയും കേസിൽ നിർണായകമായി. തിരുവനന്തപുരം എഫ്.എസ്.എൽ വിദഗ്ദ്ധർ, ഡിജിറ്റൽ തെളിവുകൾ തുറന്ന കോടതിയിൽ പ്രദർശിപ്പിച്ച് മൊഴി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ, ഇ.എൻ.ടി, റെസ്പിറേറ്ററി, എമർജൻസി ഐ.സി.യു, വൃക്കരോഗവിഭാഗം മേധാവിമാരും ടോക്സികോളജി വിദഗ്ദ്ധൻ വി.വി.പിള്ളയും ഷാരോൺ രാജിന്റെ ഉള്ളിൽ പോയ വിഷം പാരക്വറ്റ് എന്ന കളനാശിനി ആണെന്ന് രേഖകൾ പരിശോധിച്ചു തെളിവുനൽകി. പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിൻ വിദഗ്ദ്ധയും ഹിസ്റ്റോപത്തോളജിസ്റ്റും ഇതേ തെളിവുകൾ കോടതിയിൽ നൽകി.

തിരുവനന്തപുരം റൂറൽ എസ്.പി ആയിരുന്ന ഡി.ശില്പ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്. എസ്.പി എം.കെ.സുൽഫിക്കർ, ഡിവൈ.എസ്.പിമാരായ കെ.ജെ.ജോൺസൺ, വി.ടി.റാസിത്ത് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ, അഡ്വ. അൽഫാസ് മഠത്തിൽ, അഡ്വ. നവനീത് കുമാർ.വി.എസ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രതികൾക്കെതിരെ വന്ന തെളിവുകളെ സംബന്ധിച്ച് വിശദീകരണം നൽകാൻ ശനിയാഴ്ച തുടർ വിചാരണ നടക്കും.