governor

ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാന നില സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകാൻ ചുമതലയുള്ള ഗവർണറെത്തന്നെ അദ്ദേഹം പങ്കെടുക്കുന്ന പരിപാടിയിൽ തടയുന്നത് ശരിയായ രാഷ്ട്രീയപ്രവർത്തനമല്ല. സുരക്ഷാവലയം ഭേദിച്ച് എസ്.എഫ്.ഐക്കാർ വേദിക്കു സമീപം പ്രതിഷേധിച്ചതോടെ കേരള സർവകലാശാലാ സെനറ്റ് ഹാളിൽ വാതിലുകളും ജനലുകളും പൂട്ടിയിട്ട് തടങ്കലിൽ കഴിയും പോലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഒരു മണിക്കൂറോളം ഇന്നലെ കഴിയേണ്ടിവന്നു. ഒടുവിൽ സി.ആർ.പി.എഫ്, പൊലീസ് വലയത്തിലാണ് ഗവർണറെ സർവകലാശാലയ്ക്ക് പുറത്തെത്തിച്ചത്. അന്താരാഷ്ട്ര സംസ്‌കൃത സെമിനാറിന്റെ ഉദ്ഘാടനത്തിനായാണ് സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ സെനറ്റ് ഹാളിലെത്തിയത്. സർവകലാശാലയ്ക്കു മുന്നിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും രാവിലെ പതിനൊന്നരയോടെ നാല്പതോളം വരുന്ന എസ്.എഫ്.ഐക്കാരാണ് മതിൽ ചാടിക്കടന്ന് സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ഇവർ ഹാളിൽ പ്രവേശിക്കുമെന്ന് ഉറപ്പായതോടെയാണ് 13 ജനലുകളും ഏഴ് വാതിലുകളും പൊലീസ് അടച്ചത്.

ഈ സംഭവങ്ങൾ ഹാളിലിരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം ആയിരത്തഞ്ഞൂറോളം പേരെ പരിഭ്രാന്തരാക്കി. പൊലീസ് സർവശക്തിയുമെടുത്ത് തള്ളിപ്പിടിച്ചതിനാലാണ് പ്രക്ഷോഭകർക്ക് വാതിൽ ചവിട്ടിത്തുറക്കാൻ കഴിയാതെ പോയത്. ഇതൊന്നും ഒരു ചെറിയ സംഭവമായി കാണാനാകില്ല. ഒരു നിമിഷം മതി,​ ഇത്തരം സംഭവങ്ങൾ കൈവിട്ടുപോയി അപരിഹാര്യമായ നഷ്ടങ്ങൾ സംഭവിക്കാൻ. ചെറിയ പ്രതിഷേധങ്ങളോടു പോലും അസഹിഷ്ണ‌ുത പ്രകടിപ്പിക്കുന്ന ഭരണാധികാരികളാണ് ഇവിടെ ഭരിക്കുന്നത്. അങ്ങനെയുള്ളപ്പോൾ ഗവർണർക്കെതിരെ ഏതു തരത്തിലുള്ള പ്രതിഷേധവുമാകാം എന്ന മനോഭാവം ആശാസ്യമല്ല. ശരിയായ രാഷ്ട്രീയ നിലവാരം പുലർത്തുന്നവർ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റല്ല. എന്നാൽ അക്രമത്തിന് മുതിരുന്നതു പോലെയുള്ള പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം ഇടപെട്ട് തടയിടേണ്ടതാണ്. കേരള സർവകലാശാലാ യൂണിയൻ തിരഞ്ഞെടുക്കപ്പെട്ടിട്ട് നാലു മാസമായിട്ടും ഭാരവാഹികളെ സത്യപ്രതിജ്ഞ ചെയ്യാൻ പോലും വി.സി

സമ്മതിച്ചിട്ടില്ലെന്ന എസ്.എഫ്.ഐയുടെ ആരോപണം പരിശോധിക്കാൻ ഗവർണറും തയ്യാറാകേണ്ടതാണ്.

ചെറിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾത്തന്നെ മതിയായ നടപടികൾ എടുത്തിരുന്നെങ്കിൽ ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ കോളേജ് യൂണിറ്റ് പിരിച്ചുവിടേണ്ടിവരില്ലായിരുന്നു. ഇതേ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായ ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിന്റെ പേരിലാണ് പാർട്ടി ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം എസ്. എഫ്.ഐ ജില്ലാ കമ്മിറ്റി യൂണിറ്റ് പിരിച്ചുവിട്ടത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ കോളേജ് യൂണിയൻ ഓഫീസിൽ വച്ച് മർദ്ദിച്ചെന്നാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസ് പരാതി നൽകിയത്. ഇതിനു മുമ്പുതന്നെ രാഷ്ട്രീയ പ്രവർത്തനത്തിനു നിരക്കാത്ത നിരവധി കൃത്യങ്ങൾ യൂണിറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി പലരും പരാതി നൽകിയിരുന്നെങ്കിലും നേതൃത്വത്തിലുള്ളവർ കാര്യമാക്കിയില്ല.

അതിനാൽ എന്തു ചെയ്താലും ആരും ചോദിക്കാനില്ല എന്നൊരു ഊറ്റത്തിലാണ് അവിടത്തെ യൂണിറ്റ് തന്നിഷ്ടം പോലെ പ്രവർത്തിച്ചിരുന്നത്. ഭിന്നശേഷിക്കാരനെ പിന്തുണച്ചു എന്നാരോപിച്ച് സുഹൃത്തായ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഫയാസ് ഖാനെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി എസ്.എഫ്.ഐക്കാർ മർദ്ദിക്കുകയുണ്ടായി. ഇതാണ് സി.പി.എം നേതൃത്വത്തെ കൂടുതൽ ചൊടിപ്പിച്ചത്. എസ്.എഫ്.ഐയുടെ പേരിലുള്ള രാഷ്ട്രീയ പ്രവർത്തനം അക്രമം കാണിക്കാനുള്ള ലൈസൻസല്ല എന്ന് പ്രവർത്തകർ തിരിച്ചറിയണം. ഇല്ലെങ്കിൽ അത് ബോദ്ധ്യപ്പെടുത്താൻ നേതൃത്വത്തിന് കഴിയണം. ഇതു രണ്ടും നടക്കാതിരുന്നാൽ നേതൃത്വത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഴുതി നീങ്ങും. എസ്.എഫ്.ഐക്കാർ ഗവർണറെ തടയുന്ന വിഷയത്തിലും പാർട്ടി നേതൃത്വം ഒരു പുനർചിന്തയ്ക്ക് തയ്യാറാകേണ്ടതാണ്.