k

എല്ലാ സ്ത്രീകളും ലിൻഡയാണ്...

'പ്രകടമാവാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും..."

മാധവിക്കുട്ടി, നീർമാതളം പൂത്ത കാലത്തിൽ ഇങ്ങനെ കുറിച്ചപ്പോൾ പെണ്ണിന്റെ പ്രണയസങ്കല്പങ്ങൾക്ക് പലരും കൗതുകത്തോടെ കാതോർത്തു. സ്ത്രീപക്ഷസിനിമകളും സ്ത്രീകേന്ദ്രീകൃത സിനിമകളും പുരുഷന്റെ ക്യാമറക്കണ്ണിലൂടെ മാത്രം കണ്ട സമൂഹത്തിന് പെണ്ണ് പെണ്ണിനെക്കുറിച്ച് പറയുന്ന വാക്കുകളിൽ പുതുമ തോന്നിയതിൽ അത്ഭുതമില്ല. 29-ാംമത് രാജ്യാന്തര ചലച്ചിത്രമേളയിലും അടിവരയിടുന്നത് ഈ പുതുമയാണ്. സ്ത്രീകളുടെ സിനിമയിലെ സാന്നിദ്ധ്യം ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല സാങ്കേതികരംഗത്തും തിരക്കഥയിലും നിർമ്മാണത്തിലും പ്രകടമാകുമ്പോൾ പെണ്ണ് പെണ്ണിനായി ഇറങ്ങുന്ന മേള കൂടിയാകുന്നു ഐ.എഫ്.എഫ്.കെ.

മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ആൻ ഹുയിയുടെ ദി പോസ്റ്റ് മോർഡേൺ ലൈഫ് ഒഫ് മൈ ആൺട്ട് എന്ന ചിത്രം ഉദാഹരണമാണ്. അൻപതുകഴിഞ്ഞ സ്ത്രീകൾ 'അടങ്ങിയൊതുങ്ങി ജീവിക്കണം'എന്ന ഭൂരിപക്ഷചിന്തയ്ക്ക് പ്രഹരമേൽപ്പിച്ച് ജീവിതത്തിൽ കൊച്ചുകൊച്ചു സന്തോഷങ്ങൾ കണ്ടെത്തുന്ന സ്ത്രീയാണ് കഥയിലെ റുതാങ്.പ്രണയവും അനുകമ്പയും അതിന്റെ പരമോന്നതിയിൽ റുതാങിലൂടെ അവതരിപ്പിക്കാനായതിൽ ആൻ ഹൂയി എന്ന സ്ത്രീയുടെ ജീവിതവീക്ഷണവും സഹായിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള ലിൻഡ എന്ന അർജന്റീനിയൻ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സബ്രീനാ ക്യാംപോസ് കേരളകൗമുദിയോട് മനസ് തുറന്നപ്പോൾ...

ലിൻഡയെന്നാൽ സൗന്ദര്യമുള്ളത് എന്നാണ്. എല്ലാ സ്ത്രീകളിലും സൗന്ദര്യമുണ്ടോ?

സ്ത്രീയുടെ സ്വാതന്ത്ര്യമാണ് അവരുടെ സൗന്ദര്യം. എല്ലാ സ്ത്രീകളും സ്വതന്ത്രരായിരിക്കണം. അതീവസുന്ദരിയായ ലിൻഡ എന്ന പെൺകുട്ടി പുരുഷകേന്ദ്രീകൃതമായൊരു വീടിന്റെ അധികാരം നേടിയെടുക്കുന്നതാണ് സിനിമയുടെ പ്രമേയം.

പെണ്ണ് പെണ്ണിനായി എഴുതുന്നതിന്റെ ഗുണങ്ങൾ?

കുറേക്കൂടി സത്യസന്ധമായിരിക്കും രചനകൾ. പ്രതിസന്ധിഘട്ടങ്ങളിൽ ധീരമായ തീരുമാനങ്ങളെടുക്കാൻ സ്ത്രീകൾക്കാവും.അതാണ് ആ സിനിമകളുടെ സൗന്ദര്യവും.

സ്ത്രീ എന്ന പേരിൽ മാറ്രിനിറുത്തപ്പെട്ടിട്ടുണ്ടോ?

വ്യക്തിപരമായി അത്തരത്തിൽ അനുഭവമില്ല.ലോകത്ത് എല്ലായിടത്തും മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണ്.സിനിമയിലൂടെ അവ പരസ്പരം ബന്ധിപ്പിക്കാനാവും.