general

ബാലരാമപുരം: മുക്കംപാലമൂട് നെടുങ്ങോട്ടുകോണത്ത് ഗുരുപ്രതിഷ്ഠാമന്ദിരത്തിന്റെ ഗ്ലാസുകൾ തകർക്കുകയും കാണിക്കവഞ്ചി കവരുകയും ചെയ്തയാളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടി. നരുവാമൂട് ആയക്കോട് മേലെ പുത്തൻവീട്ടിൽ വെങ്കിടി രാജു എന്ന അനിൽകുമാറിനെയാണ് (42) നരുവാമൂട് പൊലീസ് പിടികൂടിയത്. മൂന്ന് ദിവസത്തിനിടെ ഇയാൾ നടുക്കാട്, മുക്കംപാലമൂട് നെടുങ്ങോട്ടുകോണം എന്നിവിടങ്ങളിലെ ഗുരുമന്ദിരങ്ങളിലെ ഗ്ലാസുകൾ എറിഞ്ഞു തകർത്ത് കാണിക്ക വഞ്ചി കവർന്നിരുന്നു. സ്ഥിരം മദ്യപാനിയായിരുന്ന യുവാവ് മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

പ്രതിയെ ഇന്നലെ രാവിലെ 11ഓടെ നടുക്കാട് മുക്കംപാലമൂട് ഗുരുമന്ദിരത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചില്ലുകൾ പൊട്ടിക്കാൻ ഉപയോഗിച്ച സാധനസാമഗ്രികൾ പൊലീസിന് കാണിച്ചുകൊടുത്തു. സാമുദായിക സ്പർദ്ധ ജനിപ്പിക്കാൻ പാരൂർക്കുഴി ഗുരുമന്ദിരം തകർക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവെടുപ്പും അക്രമിയെ വലയിലാക്കാൻ സഹായിച്ചതായി പൊലീസ് പറഞ്ഞു.

പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് വൻജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ ഭാരവാഹികൾ,​ യൂത്ത്മൂവ്മെന്റ്,​ ശാഖാ ഭാരവാഹികൾ, നാട്ടുകാർ എന്നിവരുമായി സി.ഐ ചർച്ച നടത്തിയശേഷമാണ് തെളിവെടുപ്പിന് എത്തിച്ചത്.

കാട്ടാക്കട ഡിവൈ.എസ്.പി എൻ.ഷിബുവിന്റെ നേതൃത്വത്തിൽ നരുവാമൂട് സി.ഐ ജി.പി.സജുകുമാർ,​ എസ്.ഐമാരായ വിൻസെന്റ്,​ പത്മപ്രസാദ്,​ എസ്.സി.പി.ഒമാരായ അജി,​ വിനീഷ്,​ പ്രശാന്ത്,​ പൊലീസ് ഉദ്യോഗസ്ഥരായ പീറ്റർദാസ്,​ വൈ.സജിത്ത്,​ ബിനോജ്.ജെ,​ സുരേഷ് കുമാർ.ആർ,​ വിനോദ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയ നരുവാമൂട് പൊലീസ് ഉദ്യോഗസ്ഥരെ യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ, സെക്രട്ടറി മേലാങ്കോട് സുധാകരൻ, വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ ശ്രീജിത്ത് മേലാങ്കോട് എന്നിവർ അഭിനന്ദിച്ചു.