തിരുവനന്തപുരം: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എം ജില്ലാ സമ്മേളനത്തിന് നാളെ പതാകയുയരും.രാവിലെ ആനത്തലവട്ടം ആനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമുവിന്റെ നേതൃത്വത്തിൽ പുറപ്പെടുന്ന പതാകജാഥയും തിരുവല്ലം ശിവരാജന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.പുഷ്പലതയുടെ നേതൃത്വത്തിലുള്ള കൊടിമരജാഥയും രക്തസാക്ഷി സ്മാരകങ്ങളിൽ നിന്നും നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽ നിന്നും ഏരിയാ സെക്രട്ടറിമാരുടെ നേതൃത്വത്തിലെത്തുന്ന ദീപശിഖകളും സമ്മേളന നഗരിയിൽ സംഗമിക്കും.തുടർന്ന് വൈകിട്ട് 5.30ന് സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) പതാകയുയരും.
ശനിയാഴ്ച രാവിലെ 9ന് കോവളം ജി.വി രാജ കൺവെൻഷൻ സെന്ററിൽ (അനത്തലവട്ടം ആനന്ദൻ നഗർ) പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,കേന്ദ്രകമ്മിറ്റിയംഗങ്ങളായ ടി.എം.തോമസ് ഐസക്,കെ.കെ.ശൈലജ,എ.കെ.ബാലൻ,കെ.രാധാകൃഷ്ണൻ,കെ.എൻ.ബാലഗോപാൽ,സി.എസ്.സുജാത,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ.ജയചന്ദ്രൻ,ആനാവൂർ നാഗപ്പൻ,സജി ചെറിയാൻ,പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും.19 ഏരിയാകളിൽനിന്നുള്ള 439 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ഉദ്ഘാടനസമ്മേളനത്തിനു ശേഷം ജില്ലാ സെക്രട്ടറി വി.ജോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് റിപ്പോർട്ടിന്മേൽ ചർച്ചയാരംഭിക്കും. സമ്മേളനത്തിന് സമാപനംകുറിച്ചുള്ള പൊതുസമ്മേളനം തിങ്കളാഴ്ച വൈകിട്ട് 4ന് വിഴിഞ്ഞത്ത് (സീതാറാം യെച്ചൂരി നഗർ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 2.30ന് ആഴാകുളത്തുനിന്ന് ചുവപ്പസേനാ മാർച്ചും ബഹുജനറാലിയും ആരംഭിക്കും.