വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന് തിരുവനന്തപുരത്തിന്റെ നാമധേയത്തിൽ പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചു. മന്ത്രി വി.എൻ.വാസവനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN TRV 01 എന്നതാണ് പുതിയ ലോക്കേഷൻ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ചിരുന്നത്.
അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമ്മിഷനുകളിൽ ഒന്നായ യുണൈറ്റഡ് നേഷൻസ് എക്കണോമിക് കമ്മിഷൻ ഫോർ യൂറോപ്പ് (UNECE) ഏകീകൃത ലൊക്കേഷൻ കോഡ് വേണമെന്ന നിർദ്ദേശം വച്ചതിനെ തുടർന്നാണ് മാറ്റം വരുത്തിയത്. പുതിയ കോഡിന്റെ കസ്റ്റംസ് ക്ലിയറൻസ് സംസ്ഥാന സർക്കാർ വാങ്ങി. തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കേന്ദ്രസർക്കാരിനു കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിസ്റ്റം ആൻഡ് ഡാറ്റാ മാനേജ്‌മെന്റാണ് ലൊക്കേഷൻ കോഡ് അനുവദിക്കുന്ന ഏജൻസി. നാവിഗേഷൻ, ഷിപ്പിംഗ് എന്നിവയ്ക്ക് ഇനിമുതൽ പുതിയ കോഡായിരിക്കും ഉപയോഗിക്കുകയെന്ന് മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.