വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് വിഭജനം സംബന്ധിച്ച പരാതിയ്ക്കുള്ള
ഹിയറിംഗിനുള്ള അറിയിപ്പ് വൈകിയതായി കോൺഗ്രസ് ആരോപിച്ചു. തിങ്കളാഴ്ച രാവിലെ 10നാണ് പഞ്ചായത്തിൽ ഹിയറിംഗ് നടത്താൻ തീരുമാനിച്ചത്. എന്നാൽ ഇതിൽ പങ്കെടുക്കാനുള്ളവർക്ക് അറിയിപ്പ് ലഭിക്കുന്നത് ഉച്ചയ്ക്ക് 12നും. വാർഡ് വിഭജനത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച് പരാതിനൽകിയ പല കോൺഗ്രസ് നേതാക്കളും വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടന്ന ധർണയിൽ പങ്കെടുക്കുകയായിരുന്നു. ഈ സമയത്താണ് ഹിയറിംഗിൽ പങ്കെടുക്കണമെന്ന് കാണിച്ച് പഞ്ചായത്തിൽനിന്ന് ഫോണിൽ അറിയിക്കുന്നത്. ഇത് പരാതി നൽകിയവരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജോസഫ് പെരേര പറഞ്ഞു.
വാർഡ് വിഭജനത്തിൽ അവ്യക്തത
ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് വടശ്ശേരിക്കോണം വാർഡിന്റെ അതിർത്തി നിർണയത്തിൽ അവ്യക്തത ആരോപിച്ച് പഞ്ചായത്ത് മുൻ അംഗം എം.ജഹാംഗീർ പരാതി നൽകിയിരുന്നു. വാർഡിന്റെ അതിർത്തിയായി കരട് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രദേശം പാലച്ചിറ വാർഡിൽ ഉൾപെട്ടതാണെന്നും അന്തിമപട്ടിക തയാറാക്കുമ്പോൾ ആവശ്യമായ തിരുത്തലുകൾ ഉണ്ടാകണമെന്നുമാണ് പരാതി.