cc

കുട്ടി മൂത്രമൊഴിച്ചതു കാരണം വൃത്തിയാക്കി മെത്ത ഉണക്കാൻ വയ്ക്കുന്നത് മുതൽ പുതിയ മെത്ത വാങ്ങുന്നതുവരെയുള്ള സംഭവങ്ങൾ, ഒടുവിൽ സാധാരണ വീട്ടമ്മയായിരുന്ന ഫാത്തിമ ഫെമിനിച്ചിയായെന്ന് ഭർത്താവ് അഷ്‌റഫ് ഉസ്താദ് തീരുമാനിക്കുന്നതാണ് ഫെമിനിച്ചി ഫാത്തിമയെന്ന് വൺലൈനിൽ പറയാം.

മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഈ മലയാള ചിത്രം കണ്ട് പ്രേക്ഷകർ ഇടയ്ക്കിടെ ചിരിച്ചുപോകുന്നത് അതിലെ നർമ്മത്തിലൊളിപ്പിച്ച സാമൂഹിക വിമർശനം കൃത്യമായതുകൊണ്ടാണ്. സ്ത്രീകൾ വച്ചുവിളമ്പി മക്കളെ പ്രസവിച്ച് വീടിനുള്ളിൽ കഴിയേണ്ടവരാണെന്ന ധാരണ വച്ചുപുലർത്തുന്ന മുസ്ലിം പുരോഹിതനായ ഭർത്താവ്. തൊട്ടടുത്തുള്ള ഫാനിന്റെ സ്വിച്ചിടാൻ പോലും അയാൾ ഫാത്തിമയെ വിളിക്കും.

ഒടുവിൽ ഗതികെട്ട് അവൾ ചോദിക്കുന്നുണ്ട് ''ഇയാള കൈയെന്താ പൊങ്ങൂലേ...വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട്...""

അന്ന് രാത്രി അയാൾ അവളോടു ചോദിക്കുന്നു

''ജജ് ഫെമിനിച്ചിയാ...?""

''എന്ത്""

''ഫെമിനിച്ചി?""

''ആ...""

ആ... അവൾ തലയാട്ടിയപ്പോൾ അയാളുറപ്പിച്ചു, ഫാത്തിമ ഫെമിനിച്ചിയായി. എന്നാൽ ഫെമിനിസമെന്താണെന്നു പോലും ഫാത്തിമയ്ക്ക് അറിയില്ല. പക്ഷേ, അവൾ അവളുടെ വ്യക്തിത്വം തിരിച്ചറിയുകയും സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പഴയൊരുമെത്ത വാങ്ങിയപ്പോൾ അതിൽ ജിന്നെന്ന് ഭർത്താവ്. തവണവ്യവസ്ഥയിൽ വാങ്ങാമെന്ന് വച്ചപ്പോൾ പലിശയെന്ന് അയാളുടെ തടസം. എന്നാൽ അയൽവാസി സുഹ്റയുടെ സഹായത്തോടെ അവൾ സ്വന്തം നിലയിൽ വരുമാനം കണ്ടെത്തുകയാണ്. അതിനായി അവൾ കുറി തുടങ്ങുന്നു.

''ജ്ജ് എന്താ കുറിക്കച്ചവടമൊക്കെ തുടങ്ങിയെന്നു കേട്ടു""

''ആ എനിക്ക് പൈസയ്ക്ക് ആവശ്യോണ്ട്.""

''പുരേ കുത്തീരിക്കണ അനക്ക് എന്തിനാ പൈസ.."" എന്നാണ് അയാൾ ചോദിക്കുന്നത്.

കണ്ടുപരിചിതമായ നമ്മുടെ ഗ്രാമാന്തരീക്ഷത്തിലെ സ്ത്രീ സൗഹൃദങ്ങളെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിക്കുന്നു. പ്രായഭേദമെന്യേ സ്ത്രീകൾക്കിടയിലുണ്ടാകുന്ന സൗഹൃദം. 'നരകത്തിലെ വിറകുകൊള്ളി' തുടങ്ങിയ പദപ്രയോഗങ്ങളെല്ലാം പരിഹാസരൂപത്തിൽ സിനിമയിലുണ്ട്. ഷംല ഹംസ ഫാത്തിമയായപ്പോൾ കുമാർ സുനിലാണ് ഭർത്താവായ ഉസ്താദിനെ അവതരിപ്പിച്ചിരിക്കുന്നത്. വിജി വിശ്വനാഥ് സുഹ്റയായി. സിനിമയുടെ മറ്റ് ടെക്നിക്കൽ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നവർ പുതുമുഖങ്ങളാണ്.